Friday, 1 February 2019

കാവോര്‍മ

അത്രയേറെ പറയുവാനുള്ളതൊക്കെയും അർത്ഥം ചോർന്ന് പോവാതിരിപ്പാൻ വരമേകട്ടെ വള്ളിക്കെട്ടിൽ മരുവും നാഗത്താൻമാരത്രയും ...
നിഗതമായ കാലങ്ങളിലെ തലമുറകൾ തന്നുടെ പദചലനങ്ങളൊളിപ്പിച്ചു വച്ച കരിയിലമണ്ണിലൂടിഴയുന്നൊരോർമകളുടെ സഞ്ചാരമാണ് കാവിന്നരികത്ത ഓരോ യാത്രയും .. നിതാന്തമായ അനുഭൂതികളുടെ വിരിഞ്ഞ ചിറകിട്ടടിച്ച് കാവിലെ മരങ്ങൾക്കു മീതെ സ്വഛമായൊഴുകാൻ കൊതിക്കുന്നൊരു മനസ്സുണ്ട് .. തറവാട്ടിൻ മുകളത്തെ പഴയോട്ടിൻ പൊടിഞ്ഞ പൊടിയും കാലക്കനപ്പ് കൂടി വരുന്തോറും ചുവക്കുന്ന ചുവന്ന മൺതരികളും കന്നിക്കൊട്ടിലിലെ തമ്പാച്ചിമാർ ഗുണം വരുത്തി വീശിയെറിഞ്ഞ മഞ്ഞക്കുറിയും കലർന്നോരു മലയമാരുതനൊത്ത് വിരിഞ്ഞു പറക്കാൻ കൊതിക്കുന്നൊരു നെഞ്ചമുണ്ട് ... കാവിന്നരികത്തെ പൂത്ത ഏഴിലം പാലയിൽ കുടിയിരുന്ന ഗന്ധർവ്വൻമാരത്രയും പാടാതെ പാടിക്കേട്ട ഇമ്പങ്ങൾ കാതിലുണ്ട് ... കിഴക്കനതിരിൽ ഉദയസൂര്യനഭിമുഖമായ് നിലകൊണ്ട സ്വർണ വർണപ്രഭ ഉൾക്കാമ്പിൽ ചാർത്തിയ വെളുത്ത ചെമ്പകങ്ങൾ പൂത്ത മരമുണ്ട് .. അഖിലവും ഒരുമിച്ച് കണ്ട് ആനന്ദഭേരിയലയടിക്കുന്ന കാറ്റത്ത് ഞാനിരുന്ന മരക്കൊമ്പുണ്ട് ... കാവിലായില്യം കൂടി കളിയാട്ട നാളിനെ വരവേറ്റ് വ്രതം നോറ്റ് കാത്തിരിപ്പോര് കൂവളമരത്തണൽ കൂട്ടിനുണ്ട് .. അഖിലാണ്ഡ കോടി സർവ്വസ്വമായ സർവേശ്വരി കുടിയിരിപ്പോര് കന്നിക്കൊട്ടിലുണ്ട് ...

No comments:

Post a Comment