Thursday, 30 May 2019

ഏഴോത്ത് കോലപ്പെരുമലയന്‍

                              ---   ഏഴോത്ത് കോലപ്പെരുമലയന്‍ ---



കോല സ്വരൂപത്തിലെ ആചാരസ്ഥാനങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് എഴോത്ത് കോലപ്പെരുമലയന്‍. കോലം എന്ന വാക്ക് തന്നെ കോലസ്വരൂപവുമായും കോലത്തിരിയും ആയുള്ള വിശേഷ ബന്ധത്തെ സൂചിപ്പിക്കുന്നു. അടുത്തില പള്ളിപ്പെരുമലയനിലെ ( അടുത്തില പള്ളിക്കൂലോത്ത് നിന്നുള്ള ആചാരം ) പള്ളി എന്ന വാക്കും ഇതിനോട് കൂട്ടിവായിക്കാം.

എഴോം കുറുവാട്ട് കുന്ന് മുതല്‍ കുപ്പം മുക്കുന്ന് വരെയുള്ള പ്രദേശങ്ങള്‍ കോലപ്പെരുമലയന്റെ അധികാര പരിധിയില്‍ വരുന്നതാണ്. എഴോം കണ്ണോം നരിക്കോട് പടവില്‍ കുപ്പം മുക്കുന്ന് മുതലായ ദേശങ്ങള്‍ ഇതില്‍ വരും. അതേ സമയം കണ്ണോത്തിനും നരിക്കോടിനും ഇടയിലുള്ള കൊട്ടില പ്രദേശം മാത്രം കൊട്ടില മുതുകുടോന്‍ എന്ന ആചാരക്കാരന്റെ ചെറുജന്മാവകാശം ആണ്. ഏഴോം ഗ്രാമത്തിന്റെ വടക്കൻ പ്രദേശങ്ങളായ ചെങ്ങലും അടുത്തിലയും അടുത്തില പള്ളിപ്പെരുമലയന്റെ ജൻമം ആണ്.
കുണ്ഡലങ്ങള്‍ , കൈവള , ആചാരദണ്ഡ് എന്നിവയാണ് കോലപ്പെരുമലയന്റെ ആചാര ചിഹ്നം. എഴോം മണ്ട്ര വളപ്പിൽ പെരുമലയന്‍ തറവാട് മൂന്ന് താവഴികളായി ( കണ്ണോം , എഴോം , കുറുവാട് ) പിരിഞ്ഞതിനു ശേഷം മൂന്ന് താവഴികളില്‍ നിന്നും മൂത്ത മൂന്ന് പണിക്കന്‍മാരാണ് ആചാരം കൊള്ളാറുണ്ടായിരുന്നത്. അവസാനമായി ആചാരം കൊണ്ടത് യശശരീരരായ കണ്ണപ്പെരുമലയന്‍ ( കണ്ണോം ) , ചന്തുപ്പെരുമലയന്‍ ( എഴോം ) , കേളുപ്പെരുമലയന്‍ ( കുറുവാട് ) എന്നിവരാണ്. പണിക്കര്‍ ആചാരം കൊണ്ടതിനു ശേഷം മാത്രമേ പെരുമലയന്‍ ആചാരം കൊള്ളാവു എന്ന നിബന്ധനയും ഈ ആചാരത്തിന്റെ ഒരു സവിശേഷതയാണ്. പൊട്ടന്‍ ദൈവത്തെ കുലദൈവമായി കണ്ട് ആരാധിക്കുന്ന ഇവര്‍ തറവാട്ടില്‍ വിഷ്ണുമൂര്‍ത്തിയെയും കുടിയിരുത്തിയിട്ടുണ്ട്. പൊട്ടന്‍ ദൈവത്തിന് വഴിപാടായി കളിയാട്ടവും നടത്താറുണ്ട്.

കോലപ്പെരുമലയന്റെ പരിധിയിലെ പ്രധാന കോലങ്ങള്‍ :

വിഷ്ണുമൂര്‍ത്തി - മുരിക്കിഞ്ചേരി വീട്, ചേണിച്ചേരി കോട്ടം, ചീര്‍മ്പക്കാവ്, കുന്നാവില്‍ വീട്, കൊഴിച്ചിക്കാവ്, വടക്കത്തി ഭഗവതി ക്ഷേത്രങ്ങള്‍, എഴോം കക്കരക്കാവ്, കോട്ടക്കീല്‍ കക്കരക്കാവ്, കണ്ണോം കക്കരക്കാവ്, മൂത്തേടത്തില്ലം നടയില്‍ കളിയാട്ടം, വടക്കിനകത്ത് തറവാട്, വെള്ളടക്കത്ത് കോട്ടം, അഞ്ചിങ്ങല്‍, വിറകന്‍ വളപ്പ്, ആനേംകോട്ടം, കണ്ണോം വിഷ്ണുമൂര്‍ത്തി ക്ഷേത്രം, പാപ്പനോട്ടില്ലം , പാറമ്മല്‍, പുതിയ കുന്നത്ത്, പടവില്‍, etc

മടയില്‍ ചാമുണ്ടി - ചേണിച്ചേരി കോട്ടം, എഴോം വടക്കത്തി ഭഗവതി ക്ഷേത്രം, വടക്കിനകത്ത് തറവാട്, എഴോം ചീര്‍മ്പക്കാവ്,
വെള്ളടക്കത്ത് കോട്ടം, നരിക്കോട് മടയില്‍ കോട്ടം

മൂവാളം കുഴി ചാമുണ്ഡി - കുന്നാവില്‍ മാവില തറവാട്

ഉച്ചിട്ട - മുരിക്കിഞ്ചേരി വീട് , വടക്കത്തി ഭഗവതി ക്ഷേത്രം , പാപ്പനോട്ടില്ലം

ഭൈരവന്‍ - മുരിക്കിഞ്ചേരി വീട്

വിഷ്ണുക്കുട്ടിശാസ്തപ്പന്‍ - മുരിക്കിഞ്ചേരി വീട്

കരിങ്കുട്ടിശാസ്തപ്പന്‍ - പാപ്പനോട്ടില്ലം

തെക്കന്‍ ഗുളികന്‍ - ചിറയില്‍ തറവാട് , etc

പൊട്ടന്‍ ദൈവം – മണ്ട്ര വളപ്പിൽ തറവാട്

വടക്കന്‍ ഗുളികന്‍ - വിറകന്‍ വളപ്പ്, വടക്കത്തി ഭഗവതി കോട്ടം, വടക്കിനകത്ത്, വെള്ളടക്കത്ത് കോട്ടം, പുതിയ കുന്നത്ത്

മലേറാട്ട് – നരിക്കോട് കുന്നമംഗലത്ത് ഈറ്റിശ്ശേരി ഇല്ലത്ത് 12 വര്‍ഷത്തിലൊരിക്കല്‍ നടന്നിരുന്ന കളിയാട്ടം. ഒറ്റക്കോലം , ഉച്ചിട്ട , ഭൈരവന്‍ , ധൂമ്രൻ , ധൂമാഭഗവതി , അന്തിക്കുട്ടിച്ചാത്തന്‍, അരിക്കുട്ടിച്ചാത്തന്‍, ഉച്ചക്കുട്ടിച്ചാത്തന്‍ , രക്തേശ്വരി , കരുവാള്‍ ഭഗവതി തുടങ്ങിയ ദൈവക്കോലങ്ങളും അഞ്ച് ഉച്ചബലിക്കോലങ്ങളും പത്ത് പിശാചുകോലങ്ങളും കെട്ടിയാടും കെട്ടിയാടും.

എഴോം പ്രദേശത്ത് പണ്ട് കാലത്ത് എഴോം കക്കരക്കാവ് , കോട്ടക്കീല്‍ കക്കരക്കാവ് , ചേണിച്ചേരി കോട്ടം തുടങ്ങിയ സ്ഥാനങ്ങളിലും വയല്‍ത്തിറയായും ഒറ്റക്കോലം നടത്താറുണ്ടായിരുന്നു. എഴോത്ത് എവിടെയായാലും ഒറ്റക്കോലം നടത്തുമ്പോള്‍ മാടായിക്കാവില്‍ നിന്നുള്ള ഉച്ചത്തോറ്റത്തിന്റെ തൊഴുതു വരവ് എന്ന ചടങ്ങ് ഉണ്ടാവും. വിഷ്ണുമൂര്‍ത്തിയുടെ കോലാധാരി മാടായിക്കാവില്‍ പോയി കാവിലമ്മയെ തൊഴുത് ഉടുത്തു കെട്ടി വനമാലയണിഞ്ഞു നാല് കിലോമീറ്റര്‍ ഓടിയുള്ള ആ വരവും മേലേരി പെണക്കവും ഇന്നും പഴമക്കാരുടെ ഓര്‍മയില്‍ നിറഞ്ഞു നില്‍ക്കുന്നു. ഉച്ചത്തോറ്റത്തിനു ശേഷം വിഷ്ണുമൂര്‍ത്തിയുടെ അന്തിത്തോറ്റവും ഉണ്ടാവും. എഴോത്ത് അവസാനമായി ഒറ്റക്കോലം നടന്നത് എഴോം കക്കരക്കാവിലായിരുന്നു. അന്ന് വെറും പതിമൂന്നു വയസ്സുള്ളപ്പോള്‍ ഒരു പക്ഷിയെ പോലെ പാറിപ്പറന്നു നൂറ്റിപ്പതിനൊന്നു പ്രാവശ്യം മേലേരി കയ്യേറ്റു പട്ടും വളയും വാങ്ങി പണിക്കരായത് യശശ്ശരീരനായ എഴോത്തെ മഹാനായ കനലാടി ശ്രീ എം .വി. രാമന്‍ പണിക്കര്‍ ആണ്. അദ്ദേഹത്തിന്റെ ഉച്ചിട്ടക്കോലവും പൊട്ടൻ ദൈവവും ഏറെ പ്രസിദ്ധമാണ്.

പ്രൊഫസര്‍ ശ്രീ എം. വി. കണ്ണന്‍ പണിക്കര്‍ , എം വി ചന്ദ്രന്‍, പ്രശാന്ത് പണിക്കര്‍, മനു പണിക്കര്‍, എം വി ധര്‍മന്‍, എം വി രാജേഷ്‌, അബിന്‍ പ്രശാന്ത് തുടങ്ങി ഇന്നും ഒട്ടേറെ കഴിവുറ്റ കനലാടിമാര്‍ കോലസ്വരൂപത്തിലെങ്ങും പുകള്‍ പെറ്റ ഈ പെരുമലയന്‍ തറവാടിന്റെ യശസ്സുയർത്തിക്കൊണ്ട് എഴോം നാട്ടിലെ കളിയാട്ട കാവുകളില്‍ നിറഞ്ഞ സാന്നിധ്യമാവുന്നു.
◆
വിവരങ്ങള്‍ക്ക് കടപ്പാട് :
എം. വി. പ്രശാന്ത് പണിക്കര്‍ ,
കെ. എം. സരോജിനി അമ്മ , 'കനകക്കുറി' ( കൊട്ടില മുച്ചിലോട്ട് സോവനീര്‍ )

Wednesday, 6 March 2019

പട്ടുവം കളിയാട്ടം

പട്ടുവം – വയലുകളും പുഴയും കുന്നുകളും തേങ്ങാക്കല്ലുകളും നിറഞ്ഞ നാട്. അതിവിശാലമായ ജൈവവൈവിധ്യങ്ങളുടെ നാട്. കാവകങ്ങളുടെ നാട്.

തെയ്യക്കാഴ്ചകളുടെ പരമകോടിയാണ് കുപ്പം പുഴയുടെ ഇരുകരകളും ചേർന്ന്  നൽകുന്നത്. വർണാഭമായ കാഴ്ചകള്‍ വാരി വിതറുന്ന , ദിനവും ഒരായിരം നിറക്കൂട്ടുകള്‍ സൃഷ്ടിക്കുന്ന വാനവും നീർത്തടങ്ങളുമുള്ള എഴോം – പട്ടുവം ദേശങ്ങൾക്ക് തൊടുകുറിയായി ജ്യോതി പോലെ വിളങ്ങുന്ന ശ്രീ വടക്കേ കാവ്.

വടക്കോട്ട്‌ തൃക്കണ്‍ പാർത്തിരിക്കും പഞ്ചുരുളിയമ്മ. പട്ടുവോത്തര കാനനത്തില്‍ വാണരുളുന്ന മാതാവ് ...

കുംഭം പതിനാറു പട്ടുവക്കാർക്ക്  ഒരു വികാരമാണ് ... അന്നാണ് അവരുടെ മാതാവിനെ കോലത്താല്‍ ദർശിക്കാന്‍ കഴിയുന്നത് ..

തുളുനാട് അയിമ്പത്തിരു കാതത്തിലെ ധർമസ്ഥലത്ത് നിന്നും വന്ന മാതാവ് തളിയിലപ്പനെയും പയ്യന്നൂര്‍ പെരുമാളെയും കൂടിക്കണ്ട് മാടായി തിരുവർകാട്ട് വടക്കേം ഭാഗത്തെത്തി ... മാടായിക്കാവിലമ്മയോടും വടുകുന്ദ തേവരോടും യോഗനിദ്ര കൊണ്ട് അവിടുന്ന് കിഴക്കോട്ട് യാത്ര തിരിച്ചു ... കൂടെ വിഷ്ണുമൂർത്തിയും രക്തചാമുണ്ഡിയും എഴുന്നള്ളി ... എഴോത്തപ്പനും വയത്തൂര്‍ കാലിയാരുമായി വായും മനസ്സും ചേർന്ന്  കോട്ടക്കീല്‍ കടവത്തെ കക്കറ ഭഗവതിയെയും കണ്ടു വണങ്ങി പട്ടുവം കടവിലെ കാക്ക വിളക്ക് ലക്ഷ്യമാക്കി പുഴ നീന്തിക്കടന്ന് കരകയറി ... ഉഗ്രരൂപിയായ മാതാവ് ശ്രീ വരാഹി വലിയ മതിലകത്തും കുഞ്ഞി മതിലകത്തും ഇരുന്നരുളുന്ന രാജരാജേശ്വരി കുളൂര്‍ ഭഗവതിയുടെയും  മടിയന്‍ ക്ഷേത്രപാലകന്റെയും സന്നിധിയിലെയ്ക്ക് ഓടിക്കയറി തനിക്കിരിക്കാന്‍ സ്ഥാനം ചോദിച്ചു ... ( ഇതിനെ അനുസ്മരിപ്പിക്കുന്നതാവാം പെരുമലയന്റെ കുളിച്ചു വരവിനു ശേഷം തോറ്റത്തിന്റെ ചുവപ്പ് ഉടുത്തു കെട്ടി വലിയ മതിലകത്തെയ്ക്കുള്ള ഓട്ടം ) ... തന്റെ നിവേദ്യം അശുദ്ധമാക്കുകയും നാട്ടില്‍ ഉപദ്രവങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന മായാമലരമ്പന്‍ എന്ന ഗന്ധർവനെ വകവരുത്തിയാല്‍ സ്ഥാനം നൽകാമെന്നു സ്വത്വഗുണ സ്വരൂപിണിയായ കുളൂര്‍ മാതാവ് അരുളിച്ചെയ്തു ... അങ്ങനെ ഗന്ധർവനെ ശൂലം കൊണ്ട് കുത്തിയൊഴിപ്പിച്ച് പഞ്ചുരുളിയമ്മ സ്വരൂപപരദേവതയായി പട്ടുവം മുക്കാതം നാട്ടില്‍ ശ്രീ വടക്കേ കാവില്‍ സ്ഥാനം നേടി .. കൂടെ വിഷ്ണുമൂർത്തിയും രക്തചാമുണ്ഡിയമ്മയും ... കുളൂര്‍ മാതാവും മടിയന്‍ ക്ഷേത്രപാലകനും വടക്കേ കാവില്‍ മൂവരും എന്ന ഖ്യാതിയും നേടി ... കുളൂര്‍ മാതാവിന്റെ കല്പന പ്രകാരം സാത്വിക ഭാവത്തില്‍ ദേവി പട്ടുവോത്തര കാനനത്തില്‍ സ്ഥിതി ചെയ്യുന്നു ... അവിടെ നിന്ന് ചെറുകുന്ന് കൂരാങ്കുന്നു എത്തിയ ദേവി ആരിയപ്പൂങ്കന്നി മാതാവിനെ ശല്ല്യം ചെയ്യുന്ന വെള്ളിവരമ്പന്‍ എന്ന അസുരനെ കൊല്ലുകയും അതിരൗദ്ര ഭാവത്തില്‍ അവിടെ കുടിയിരിക്കുകയും ചെയ്തു ... അവിടെ നിന്ന് പിന്നീട് ചെറുകുന്ന് കോനാപ്പള്ളിയിലേയ്ക്കും കല്ല്യാശ്ശേരി വയലിലെ കോട്ടത്തെയ്ക്കും ( ചിറക്കുറ്റി പുതിയ കാവ് ) ദേവി എഴുന്നള്ളി ...

പട്ടുവത്ത് അമ്മയുടെ കോലം ധരിക്കാന്‍ അവകാശം പട്ടുവം പെരുമലയന്‍ എന്ന ആചാരക്കാരന് ആണ് .. ചിറക്കല്‍ കൂലോത്ത് നിന്ന് വെള്ളിപ്പിടിക്കത്തിയും വെള്ളികെട്ടിയ മാലയും കൈവളകളും വെള്ളിച്ചൂരലും ഏറ്റുവാങ്ങിയാണ് ആചാരപ്പെടല്‍ .. വരച്ചു വച്ച് ദേവീഹിതം നോക്കിയാണ് പെരുമലയനെ കണ്ടെത്തുന്നത്. ഇത് മറ്റ് പെരുമലയന്‍ സ്ഥാനങ്ങൾക്ക് ഒന്നുമില്ലാത്ത പ്രത്യേകത ആണ്. വയസ്സും മൂപ്പിളമയും ഇവിടെ ആചാരപ്പെടലിനു തടസ്സമാവുന്നില്ല. പട്ടുവം പെരുമലയനായി ആചാരപ്പെട്ടാല്‍ ചുരുക്കം ചില കോലങ്ങള്‍ ഒഴിച്ച് ബാക്കിയൊന്നും കെട്ടിയാടാന്‍ പറ്റില്ല. വടക്കെ കാവിലെ പഞ്ചുരുളിയമ്മ കൂടാതെ വടക്കേ കാവധികാരികളായ താഴത്ത് വീട്ടിലെ നടയിലെ കളിയാട്ടത്തില്‍ വിഷ്ണുമൂർത്തി ഒറ്റക്കോലം , ചിറ്റോത്ത് തറവാട്ടില്‍ ഒറ്റക്കോലം , തേണങ്കോട്ട് വിഷ്ണുമൂർത്തി  എന്നിവയാണ് കെട്ടിയാടാവുന്ന കോലങ്ങള്‍ ..

കൂരാങ്കുന്നില്‍ പഞ്ചുരുളിയമ്മയുടെ കോലം ധരിക്കേണ്ടത് ചെറുകുന്നന്‍ പരമ്പരയിലുള്ള കനലാടിമാരാണ്. ചെറുകുന്ന് അമ്പലത്തില്‍ നിന്നാണ് അവിടത്തേയ്ക്കുള്ള തൊഴുതുവരവ്. ഇതിനെ ചെറുകുന്നന്‍ കുളിച്ചു വരവ് എന്നാണു പറയാറുള്ളത്. കുളിച്ചു വന്ന് ആലിന്റെ അടുത്തേയ്ക്ക് പോകുന്ന സമയത്ത് ഉയരുന്ന ചെണ്ടമേളത്തോടൊപ്പം പ്രകൃതി തന്നെ ഒരു വല്ലാത്ത അവസ്ഥയിലേയ്ക്ക് മാറും. ശക്തികൂരാങ്കുന്ന് എന്നാണു ഇവിടം അറിയപ്പെടുന്നത്. പഴയ കാലത്ത് ഉച്ചനേരങ്ങളിലും രാത്രി സമയങ്ങളിലും ഭയം കൊണ്ട് ഇവിടെ ആരും പ്രവേശിക്കാറില്ല എന്ന് കേട്ടുകേൾവി. കളിയാട്ടം തുടങ്ങിയാല്‍ എല്ലാ ദിവസവും ഗുരുസിയും തോറ്റവും ഉണ്ട്. ബാക്കി ദിനങ്ങളില്‍ ഗുരുസിയോടെ കോലക്കാരന്‍ ഉറഞ്ഞവസാനിപ്പിക്കുമ്പോള്‍ തോറ്റത്തിന്റെ അവസാന ദിനം ഉറഞ്ഞാട്ടം ഉണ്ട്. തോറ്റത്തിന്റെയും തെയ്യത്തിന്റെയും കളിയാമ്പള്ളിക്ക് ചുറ്റുമുള്ള ഉറഞ്ഞാട്ടം കാണേണ്ടത് തന്നെ. വെള്ളിപ്പിടിക്കത്തി കയ്യിലേന്തി രൗദ്രഭാവത്തിലാണ് കലാശം. അവിടെ മാത്രം കേൾക്കാവുന്ന ഒരു പ്രത്യേക താളത്തിലുള്ള ചെണ്ടവാദ്യം എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ്.

ഇനി പട്ടുവത്തെ വിശേഷങ്ങളിലേയ്ക്ക് തിരികെയെത്താം.

കുംഭം പതിനഞ്ച് വൈകുന്നേരത്തോടെ പട്ടുവം വടക്കേ കാവില്‍  കളിയാമ്പള്ളി തോറ്റം. ഇവിടെ രക്തചാമുണ്ഡിയ്ക്ക് കളിയാമ്പള്ളി എന്ന പേര് കൂടിയുണ്ട്. കളിയാമ്പള്ളി തോറ്റത്തിനിടെ പെരുമലയന്‍ കാവിലേയ്ക്ക് വന്നു കുളിച്ചു വരവിനുള്ള വസ്തുക്കള്‍ കയ്യേറ്റു മടങ്ങും ... കൊടിയിലയിലാണ് ഇവ നൽകുന്നത് ... ദേവി ആവേശിക്കപ്പെടുന്നതിന്റെ ആദ്യ ലക്ഷണങ്ങള്‍ ഇവിടെയാണ്‌ കണ്ടു തുടങ്ങുക. കൊടിയില ഏറ്റുവാങ്ങി തല മൂടി കാലുകള്‍ നിലയുറക്കാത്ത പോലെ മെല്ലെ ആടിയാടിയാണ് പോകുക. വിഷ്ണുമൂർത്തി ഒറ്റകോലത്തിന്റെ തോറ്റത്തിന്റെ അവസാനത്തോടെ കുളിച്ചു വരവിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയാവും. പെരുമലയന്റെ വീടിനോട് ചേർന്നുള്ള കുച്ചിലില്‍ ആണ് വ്രതത്തിന്റെ ഭാഗമായി നാൽപ്പത്തിയൊന്നു ദിവസം അദ്ദേഹം കഴിയേണ്ടത്. ഇതിനകത്ത് ദേവിയുടെ പട്ടം പൂജയ്ക്ക് വച്ചിട്ടുണ്ടാകും. ക്ഷൗരം ചെയ്ത് കുളിച്ച് ദേഹമാകെ മഞ്ഞള്‍ പൂശി തലമൂടി കുച്ചിലില്‍ നിന്ന് കാവിലേയ്ക്കുള്ള വരവിനെയാണ് പെരുമലയന്‍ കുളിച്ചു വരവ് എന്ന് പറയുന്നത്. ഭുവനി മാതാവിനെ വരവേല്ക്കാന്‍ നാടൊരുങ്ങിയിട്ടുണ്ടാവും. ശരീരം മുഴുവന്‍ മൂടി വെള്ളിപ്പിടിക്കത്തിയേന്തി ആടിയാടിയാണ് വരവ്. വലിയ മതിലകം ക്ഷേത്രത്തിനടുത്ത് വച്ച് മാറ്റ് മാറിയാൽ കാവിലേയ്ക്ക് ഓടാൻ തുടങ്ങും. താത്കാലികമായുണ്ടാക്കിയ അണിയറയ്ക്കുള്ളില്‍ ദേവി ചൈതന്യം ആവാഹിക്കപ്പെട്ട പെരുമലയനെ സഹായികള്‍ പിടിച്ചു നിർത്തി  തോറ്റ വേഷം ധരിപ്പിക്കും. ചുവപ്പുടുത്ത ശേഷം കാവിന്റെ മുന്നിലെത്തി ആടിയുലഞ്ഞു രൗദ്രഭാവത്തോടെ നിൽക്കുന്ന പെരുമലയനെ കാണുമ്പോള്‍ അറിയാതെ കൈകൂപ്പി നിന്ന് പോവും. ഉയരുന്ന വാദ്യത്തോടെ വലിയ മതിലകത്തേയ്ക്ക് ഓടി തിരിച്ചു വന്ന ശേഷം ദേവി കുടിയിരിക്കുന്ന ആൽമരത്തറയിലേയ്ക്കോടിക്കയറി ആലിനെ സ്പര്ശിച്ച് തിരിഞ്ഞു നിന്ന് കാൽപാദം തറയിലടിച്ച് അതിരൗദ്രഭാവത്തില്‍ ഒരു നിൽപ്പുണ്ട്. കാവിന്‍ മുന്നിലെത്തി കൊടിയില പിടിച്ചു വാങ്ങി ശാന്തയായ ശേഷം തോറ്റത്തിനു നിൽക്കും .
പട്ടുവത്ത് പഞ്ചുരുളിയമ്മ തോറ്റത്തിന് തലപ്പാളിപ്പട്ടം കെട്ടുന്ന പതിവില്ല. കൈകളില്‍ അണിയലങ്ങളും ഇടാറില്ല. കൂരാങ്കുന്നില്‍ തലപ്പാളിയ്ക്ക് മീതെ ചെക്കിത്തണ്ടയും കൈകളില്‍ അണിയലങ്ങളും പതിവുണ്ട്.

വടക്കേ കാവിലെ പഞ്ചുരുളിയമ്മയുടെ കുളിച്ചു തോറ്റം അവിസ്മരണീയമായ അനിർവചനീയമായ ഒരനുഭവം ആണ്. ഈ കാഴ്ച്ചയെ അനശ്വരമായി മനസ്സില്‍ നിലനിർത്തുന്ന ഘടകങ്ങള്‍ പലതാണ്. നാൽപത്തിയൊന്നു നാളത്തെ വ്രതശുദ്ധിയോടെയുള്ള സ്വാഭാവികമായ വെളിച്ചപ്പെടല്‍, വനമാല കൈകളില്‍ പിടിച്ചു കൊണ്ടുള്ള നയനമനോഹരമായ കലാശങ്ങള്‍, ചീനിക്കുഴലില്‍ തീർക്കുന്ന വിസ്മയങ്ങള്‍, രൗദ്രമെന്നോ ശാന്തമെന്നോ നിർവചിക്കാന്‍ മനുഷ്യന് അസാധ്യമായ ഭാവപ്പകർച്ചകള്‍. എപ്പോഴാണ് രൗദ്രതയേറുക എന്നത് പറയുക സാധ്യമല്ല. ചിലപ്പോള്‍ തോറ്റം വല്ലാതെ ഉറയാം. ചിലപ്പോള്‍ കോലം പുറപ്പാട് നേരത്ത് അതിരൗദ്രഭാവത്തിലാവാം. കാലുകള്‍ നിലത്തുറക്കാത്ത പോലെ ആടിയാടി വീണുള്ള ഒരു പ്രത്യേക കലാശമാണ് ദേവിക്ക്. കനലാടിയില്‍ ദേവി ആവേശിക്കപ്പെടുന്ന ആദ്യ ഘട്ടം മുതല്‍ തന്നെ ഇത് പ്രകടമായിത്തുടങ്ങും.

മടയില്‍ ചാമുണ്ടിയുടെ സമാന ഈണത്തിലുള്ള, കേൾക്കാന്‍ ഏറെ ഇമ്പമുള്ള തോറ്റം പാട്ട് പാടിപ്പൊലിച്ചുറയുന്നത് ഭക്തിനിർഭരമായ ഒരു കാഴ്ചയാണ്. ദേവസങ്കേതത്തിന്റെയും കനലാടിയുടെയും എല്ലാ വിശുദ്ധിയും സമ്മേളിക്കുന്ന സമ്മോഹന കാഴ്ച.
ആലില്‍ ദേവി കുടിയിരിക്കുന്നു എന്നാ സങ്കൽപ്പത്തില്‍ ആലില്‍ നിന്ന് ഇറക്കല്‍ എന്ന ചടങ്ങോടെ തോറ്റം അവസാനിക്കുന്നു. പിറ്റേന്ന് കാലത്ത് പത്ത് മണിയോടുകൂടി അമ്മയുടെ പുറപ്പാട് ആണ്. ചോതി പോലെ വിളങ്ങുന്ന തിരുമുഖത്തോടെ തിളങ്ങുന്ന ആടയാഭരണങ്ങളോടെ തെയ്യപ്രപഞ്ചത്തിലെ ഏറ്റവും നയനഹാരിയായ രൂപങ്ങളിലൊന്നായി തിരുപ്പുറപ്പാട്. തൊഴുകൈകളോടെ നിൽക്കുന്ന ആബാലവൃദ്ധം ജനങ്ങളെ അനുഗ്രഹിച്ച ശേഷം രാത്രി പത്തോട് കൂടി ആലില്‍ കയറ്റല്‍ ചടങ്ങോടെ പുറത്തട്ട് അഴിക്കുന്നു. അനുഗ്രഹപ്പെരുമഴ പെയ്തൊഴിഞ്ഞ സന്തോഷത്തോടെ, അടുത്ത കൊല്ലം കൂടാമെന്ന ശുഭാപ്തി വിശ്വാസത്തോടെ മടങ്ങുന്ന ജനങ്ങളെ കാണാം. ഇതിനു ശേഷം തൊട്ടപ്പുറം വലിയ മതിലകത്ത് കുളൂര്‍ മാതാവിന്റെയും ക്ഷേത്രപാലകന്റെയും ഇലംകോലങ്ങളും പുലർച്ചെ  കോലവും ഉണ്ട്. പാതി മാത്രം മായ്ച്ച മുഖത്തെഴുത്തോടെ തിരിച്ചു പോകുന്ന പെരുമലയനെ ഇളംകോലങ്ങള്‍ അനുഗ്രഹിച്ച ശേഷം ചടങ്ങുകൾക്കായി കുഞ്ഞിമതിലകത്തെയ്ക്ക് പോകുന്നു.

ഓരോ വർഷവും തുടങ്ങുന്നത് കുംഭം പതിനഞ്ചിലേയ്ക്കുള്ള കാത്തിരിപ്പോടെയാണ്. ഓരോ തെയ്യപ്രേമികളും ഒരു തവണയെങ്കിലും കണ്ടിരിക്കേണ്ടതും അനുഭവിച്ചറിയേണ്ടതുമായ ഒന്നാണ് പട്ടുവം കളിയാട്ടം.


Saturday, 16 February 2019

ആകാശ കാഴ്ചകള്‍



അങ്ങനെ അവസാനത്തെ സ്പന്ദനവും നിലച്ചു ... വയസ്സ് പത്ത് മുപ്പത് കഴിഞ്ഞേയുള്ളൂ ... റോഡരികില്‍ അവന്‍ മരിച്ചു വീണു ... മരിക്കാനുണ്ടായ കാരണത്തെ പറ്റി അവനു വലിയ നിശ്ചയമില്ല ... എന്നത്തെയും പോലത്തെ ഒരു സുദിനത്തില്‍ ഒഴുകി നടന്നവന്‍ ... പെട്ടെന്ന് മരിച്ചു പോയി ...  ആള്‍ക്കാര്‍ എന്തൊക്കെയോ വിളിച്ചു കൂവുന്നുണ്ടായിരുന്നു ... എന്തോ ആരോ ഗോള്‍ അടിച്ച പോലെ ... ചുറ്റും ഒരു ഗ്യാലെറി പോലെ അവനു തോന്നി ...

   അവന്‍ കണ്ണ് തുറക്കാതെ നോക്കി ... എവിടെ യമന്‍ ... ആളെ കാണുന്നില്ലല്ലോ ... ചിത്രഗുപ്തനുമില്ല ... അയാള്‍ മരക്കൂട്ടങ്ങള്‍ക്കിടയില്‍ മറഞ്ഞു നില്‍പ്പുണ്ടാവും ... കണക്കെഴുതാനൊന്നും പഴയ പോലെ താല്‍പ്പര്യം കാണില്ല ... കലിയുഗം അല്ലെ ... എഴുതിയെഴുതി മടുത്തു കാണും ... പ്രത്യേകിച്ചും തന്റെയൊക്കെ കണക്കുകള്‍ ...
പോത്ത് ... പോത്തെവിടെ? ... റോഡിനങ്ങേക്കരയില്‍ പുല്ലു മേയുകയായിരുന്ന പശുവിനെയല്ലാതെ വേറൊരു നാല്‍ക്കാലിയേയും അവനു കാണാനായില്ല ...

 ... കൊമ്പന്‍ മീശയും പിരിച്ചു മുണ്ടും മാടിക്കെട്ടി ബീഡി വലിച്ചു നടന്നു പോകുന്ന കണാരേട്ടനെ കണ്ട് ഒരു നിമിഷം അവന്‍ തെറ്റിദ്ധരിച്ചു ... കയ്യില്‍ ഒരു കാലന്‍ കുടയും ഉണ്ടായിരുന്നു ... കാലന്‍ ...
ഇങ്ങനൊരു സംഭവം നടന്നതിന്റെ കൂസലൊന്നും അങ്ങേര്‍ക്കില്ല ... ഈശ്വരാ .. ഇങ്ങേരുടെ കടയില്‍ നിന്നല്ലേ ദിവസവും ചായ കുടിക്കുന്നത് ... എന്നിട്ടൊരു മൈന്‍ഡും ഇല്ലല്ലോ .... ഇന്നലത്തെ പത്തു ചില്ലറപ്പൈസ ബാക്കി തരാനുണ്ട് ... ഇനി അത് ലാഭിച്ചതിന്റെ സന്തോഷം ആണോ ...

  അതാ ... നമ്മടെ കുട്ടപ്പന്‍ ... വകയിലെ ഒരു ചെങ്ങായി ... കാണുമ്പോ കാണുമ്പോ സെല്‍ഫി എടുക്കും .. ഇവന്‍ ഇപ്പഴും സെല്‍ഫി എടുക്കുവാണ് ... നൊടിയിടയില്‍ ഫേസ്ബുക്കില്‍ പോസ്റ്റും ചെയ്തു ... ഒരു അനുശോചന കുറിപ്പും ... അവനു ആ സ്റ്റാറ്റസ് ലൈക്‌ ചെയ്യണം എന്ന് തോന്നി ... ഒരു നന്ദി സന്ദേശം കൊടുക്കണം എന്നും ... എന്ത് കാര്യം നടന്നാലും സോഷ്യല്‍ മീഡിയ വഴി നാലാളെ അറിയിച്ചില്ലെങ്കില്‍ ഒരു ഇരിക്കപ്പൊറുതി ഇല്ല ...
അവനു വിഷമം തോന്നി ... തന്റെ ഫേസ്ബുക്ക്‌ ഉപയോഗിക്കാന്‍ കഴിയുന്നില്ല .. യമനെ കണ്ടെങ്കില്‍ അങ്ങേരുടെ ഐഡി ചോദിക്കായിരുന്നു ... ചിത്രഗുപ്തന്റെ ആയാലും മതി ...
അവന്‍ ഉയര്‍ന്നു പോവുകയാണ് ... തന്നെ ഓര്‍ത്ത് വിഷമിക്കുന്നവരെ കാണുമ്പോ അവനു സങ്കടം വന്നു ... ഇവര്‍ എന്തിനാണ് കരയുന്നത് ... രണ്ടവസ്ഥകളും തമ്മില്‍ അവനു ഭേദം തോന്നിയില്ല ... ഒരു ഒഴുക്കാണ് ഇപ്പോള്‍ ... എല്ലാം കാണുന്നു , കേള്‍ക്കുന്നു ...
റോഡ്‌സൈഡില്‍ ഇരുന്നു തന്നെ ഓര്‍ത്ത് വിഷമിക്കുന്നവര്‍ പക്ഷെ അങ്ങനെ വിഷമിച്ചോണ്ട് ഇരിക്കുവാണല്ലോ ... ആരും അനങ്ങുന്നില്ല ... ഒന്ന് താലൂക്കാശുപത്രി വരെ എത്തിച്ചിട്ട് വെഷമിച്ചാല്‍ പോരെ എന്ന് അവനു ചോദിക്കാന്‍ തോന്നി ...
   
 കൂട്ടത്തില്‍ മധ്യവയസ്സുള്ള ഒരു മാമന്‍ പറഞ്ഞോണ്ടിരിക്കുന്നുണ്ടായിരുന്നു ... ‘ നല്ല പയ്യന്‍ ആയിരുന്നു ... തങ്കപ്പെട്ട സ്വഭാവം ’ ... അതിനു ഇയാളെ താന്‍ കണ്ടിട്ട് പോലുമില്ലല്ലോ ... തന്റെ സ്വഭാവ മാഹാത്മ്യത്തെ പുകഴ്ത്തുന്നത് കേട്ട് കേട്ട് അവനു തരിച്ചു വന്നു ...  അയാളുടെ വെള്ളത്താടി പിടിച്ചു വലിക്കാന്‍ തോന്നി ...
അതാ റോഡിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ സ്ലോ ചെയ്യുന്നു ... കൊറേ തലകള്‍ വിന്‍ഡോയിലൂടെ പുറത്തേയ്ക്ക് നീളുന്നു ... തലകള്‍ മാത്രം .... കയ്യും കാലും പുറത്തേയ്ക്ക് വരുന്നില്ല ...
കൂടി നില്‍ക്കുന്ന ചില ആള്കാര്‍ക്ക് മരിച്ചോ ഇല്ലയോ എന്ന് സംശയം ... അവര്‍ അതിനെ ചൊല്ലി ഒരു സംവാദം നടത്തി ... ഫേസ്ബുക്കിലും അതിന്റെ ഒരു ഉപസംവാദം നടക്കുകയാണെന്ന് തോന്നുന്നു ... കൊള്ളാം
... ആര്‍ക്കും ഇന്നത്തെ ലോകത്ത് സമയം ഇല്ല പോലും ... ഈ ടൈപ്പ് ചെയ്ത് കളയുന്ന സമയം തന്നെ ഒരു കാലവര്‍ഷത്തിനുള്ളതുണ്ടല്ലോ ... ഇതൊക്കെ ആകാശത്ത് നില്‍ക്കുമ്പഴെ അറിയാന്‍ പറ്റുന്നുള്ളൂ ... അവന്‍ തല ചൊറിഞ്ഞു ...

ചില ആള്‍ക്കാര്‍ക്ക് അറിയേണ്ടത് മരണകാരണം ആണ് ... നിപ്പ വൈറസ് എന്ന് വരെ പറയുന്നു ചിലര്‍ ... അറ്റാക്ക് ... സ്ട്രോക്ക് ... തലേന്നത്തെ ഹാങ്ങ്‌ ഓവര്‍ ... ലിസ്റ്റ് അങ്ങനെ നീണ്ടു പോയി ... ഇതെല്ലാം കൂടി ഒരുമിച്ചു വന്നോ ... അവന്‍ ശങ്കിച്ചു ...
മനുഷ്യന്റെ കാര്യം ഇത്രേയുള്ളൂ ... ഒരു വല്യമ്മ അതും പറഞ്ഞു നടന്നു പോയി ... അവന്‍ പല്ല് കടിച്ചു ... ഈ ഡയലോഗ് ഒക്കെ എത്ര വട്ടം കേട്ടതാ ...

 ആകാശത്ത് മഴമേഘത്തിന്റെ മുകളില്‍ ഇരുന്നവന്‍ കാത്തിരിപ്പ് തുടങ്ങി .... താലൂക്കാശുപത്രിയിലേയ്ക്കുള്ള ശകടവും വരുന്നില്ല യമന്റെ പോത്തും വരുന്നില്ല ... പോത്തേതായാലും പറന്നു വരില്ല ... പിന്നെ യമന്‍ എങ്ങനെ ആണോ എന്തോ നരകത്തില്‍ നിന്ന് വരുന്നത് ... അവന്‍ ത്രിശങ്കുവിലായി ...

  ആകാശത്തില്‍ ഇരുന്നു നോക്കുമ്പോ താഴ്വാരം മുഴുവന്‍ ഫേസ്ബുക്ക്‌ പോസ്റ്റുകള്‍ തെളിഞ്ഞു കാണാമായിരുന്നു ... അതില്‍ അവന്റെ ജാതി മത രാഷ്ട്രീയ കുടുംബ ചരിത്ര പൂര്‍വ സംസ്കൃതികളെല്ലാം അക്ഷരങ്ങളായി നൃത്തം ചെയ്യുന്നു ... ഇവര്‍ക്കൊന്നും വേറെ പണി ഒന്നുമില്ലേ ... ആകാശത്ത് ജാതിയുമില്ല മതവുമില്ല വംശവും വര്‍ഗ്ഗവും വര്‍ണവുമില്ല ... സൂര്യന്‍ തരുന്ന ചില നിറങ്ങള്‍ മാത്രം ... അത് സമയചക്രത്തിന് അനുസരിച്ച് സ്വീകരിക്കപ്പെടുന്നു ... തിരസ്കരിക്കപ്പെടുന്നു .. പിന്നെ കാറ്റും മഴയും മഴമേഘങ്ങളും ... അവര്‍ ഒത്തു ചേര്‍ന്ന് പോകുന്നു  ... ഈ മനുഷ്യ ജന്മങ്ങള്‍ക്ക് മാത്രം എന്തൊക്കെ ചട്ടങ്ങളാണ് ...

  മഴമേഘത്തിന്റെ പുറത്ത് അവന്‍ അമര്‍ന്നിരുന്നു ... ഇനി ഇപ്പൊ മഴ കൂടി പെയ്താ ക്ലൈമാക്സിനു ഒരു സിനെമാറ്റിക്ക് ലുക്ക്‌ കിട്ടും ... ദുരന്തങ്ങള്‍ കഥകളായി എഴുതുന്നവര്‍ക്ക് കുശാല്‍ ... നല്ലവണ്ണം പൊലിപ്പിച്ചങ്ങെഴുതാം ... പ്രകൃതി പോലും കരഞ്ഞു എന്നൊക്കെ ... വായിക്കപ്പെട്ട് ആരാധകരെയും സമ്പാദിക്കാം ... സ്വന്തമെന്ന് കരുതുന്നവര്‍ക്ക് വിഷമം ഉണ്ടാകുമെന്നല്ലാതെ ...
മഴയ്ക്ക് ഇതൊക്കെ കേട്ട് ചിരി വന്നു ... ഞാന്‍ പെയ്യുന്നില്ല ... അത് ചിരിയടക്കിപ്പിടിച്ചോണ്ട് പറഞ്ഞു ...

 ദൈവത്തിനെ കാണാന്‍ പറ്റുമോ ... അവന്‍ മഴയോട് ചോദിച്ചു ... മഴ പറഞ്ഞു ... ദാ താഴേയ്ക്ക് നോക്ക് , ആ കൂട്ടത്തിലൊന്നും ദൈവം ഇല്ല ... നീ നിന്റെ ഉള്ളിലേയ്ക്ക് നോക്ക് , ചെറുതായി അവിടെ ഒളിവളരുന്നുണ്ട് ... ചെറുതായി മാത്രം ... അത് അവിടെയും ഇവിടെയും ഒക്കെയായി ഉണ്ടാവും ... ചികഞ്ഞെടുക്കണം ...
അവന്‍ ദൂരേയ്ക്ക് നോക്കി പുഞ്ചിരിച്ചു ... മഞ്ഞ് മൂടിയ മലനിരകള്‍ക്കപ്പുറം മഴവില്ല് കാണുന്നു ... മഴവില്ല് ... ബാല്യത്തില്‍ അറിഞ്ഞ ആദ്യ അത്ഭുദങ്ങളില്‍ ഒന്ന് ... മഴവില്ലിനപ്പുറം നന്മമരങ്ങളെ കാണുന്നു ... ഇപ്പുറം നന്മയില്ലാത്ത മരങ്ങളും ... അത്ഭുദങ്ങളില്‍ , ഭ്രമങ്ങളില്‍ വീണു പോയപ്പോള്‍ വരഞ്ഞ അതിര് ... ചിലപ്പോഴൊക്കെ ആ അതിര് കടന്നു പോവാറുണ്ട് , പെട്ടെന്ന് തന്നെ തിരിച്ചു പോരാറുമുണ്ട് ... പുറം മോടി കണ്ട് മോഹങ്ങള്‍ തീര്‍ത്ത മതിലാണ് ... അകപ്പൊരുള്‍ അറിയാതെ വിട്ട വഴികളില്‍ തീര്‍ത്ത മതിലുകള്‍  ...

  ഫിലോസഫി അധികം പറയണ്ട ... മഴ ചൊടിച്ചു ...
 താഴെ നീ കിടക്കുന്നത് പോലെ മറ്റൊരുത്തന്‍ കിടന്നെങ്കില്‍ നീ എന്ത് ചെയ്യുമായിരുന്നു ? ... മഴയുടെ ചോദ്യം ...
ഞാന്‍ രക്ഷിക്കുമായിരുന്നു ... അവന്‍ പെട്ടെന്ന് മറുപടി പറഞ്ഞു ...
അതിപ്പോ ഇവിടെ എത്തിയ ശേഷം ഉണ്ടായ തോന്നല്‍ അല്ലെ ... ആ ഒരവസ്ഥയിലൂടെ കടന്നു പോയപ്പോ ഉണ്ടായ തിരിച്ചറിവ് ...
അല്ല എന്ന് പറയാന്‍ അവനു തോന്നിയില്ല ... താനും അങ്ങനെ തന്നെയായിരുന്നു ...
ദൂരെ കിഴക്കന്‍ മല കണ്ടു .... അവിടെ കുഞ്ഞുമാലാഖമാര്‍ പറന്നിറങ്ങുന്നുണ്ടായിരുന്നു ... പ്രതീക്ഷയുടെ തിരിനാളം ... പ്രതീക്ഷയും മോഹവും രണ്ടാണ് ... രണ്ടാത്തേതിന് അത്ര പാങ്ങില്ല ...

നീ താഴേയ്ക്ക് പൊയ്ക്കോ ... മഴ മൊഴിഞ്ഞു ..

മഴ അവനെ കുടഞ്ഞെറിഞ്ഞു ... മഴമേഘത്തില്‍ നിന്ന് അവന്‍ താഴേയ്ക്ക് പതിച്ചു .... കൂടെ മഴയും വീണു ... തണുത്തു മരവിച്ചു തുടങ്ങിയ മുഖത്തേയ്ക്ക് മഴത്തുള്ളികള്‍ വന്നു വീണു ...
കൂടി നിന്നവരെ വകഞ്ഞു മാറ്റി കൊണ്ട് ഒരാള്‍ അകത്തേയ്ക്ക് വന്നു ... അയാള്‍ അവന്റെ തണുത്ത കൈകള്‍ പിടിച്ച് അവനെ താങ്ങിയെടുത്ത് ആശുപത്രിയിലേയ്ക്ക് കുതിച്ചു ...
അവന്‍ കണ്ണ് തുറക്കാതെ തന്നെ അവനെ നോക്കി ...
ആരാണിയാള്‍ ...
ഒരു അപരിചിതന്‍ ... തന്റെ പ്രായമുള്ള ഒരു യുവാവ് ... എന്തിനയാള്‍ തന്നെ താങ്ങിയെടുത്തു ... തന്റെ മതക്കാരനായത് കൊണ്ടോ തന്റെ ജാതിക്കാരനായത് കൊണ്ടോ തന്റെ രാഷ്ട്രീയ ആദര്‍ശം ഉള്ളയാളായത് കൊണ്ടോ ...
അല്ല ... ഒരു മനുഷ്യനായത് കൊണ്ട് ... അയാള്‍ പറയാതെ പറഞ്ഞു ...
ഫേസ്ബുക്കില്‍ ചര്‍ച്ചകള്‍ അപ്പഴും കൊടുമ്പിരി കൊണ്ടു ... അവനെ താങ്ങിയെടുത്തയാളുടെ മനുഷ്യത്വത്തില്‍ ഉപരി മതവും ജാതിയും തിളങ്ങി നിന്നു ... ചിലര്‍ മതമൈത്രി തുളുമ്പുന്ന  കവിതകളും രചിക്കയുണ്ടായി ...
അവനു ചിരിക്കാന്‍ തോന്നി ... എന്തത്ഭുദം ... ഒരു മനുഷ്യനും മറ്റൊരു മനുഷ്യനും ആണ് ... വെറും മനുഷ്യര്‍ ... ഇതൊക്കെ പണ്ടും നടക്കാറുള്ളതാണ് ... സോഷ്യല്‍ മീഡിയയിലേ ഉള്ളൂ ഇത്തരം വേര്‍തിരിവുകള്‍ ... പുറത്ത് എല്ലാവരും മനുഷ്യരാണ് ...
സോഷ്യല്‍ മീഡിയ എന്ന മായാലോകത്തിലെ ജീവിതം ... സര്‍വം മായ ... മിഥ്യ ... ആ ലോകത്തിലെ നായകര്‍ സത്യത്തില്‍ ഭീരുക്കളും  ... യഥാര്‍ത്ഥ ലോകത്തിനു സമാന്തരമായി സൃഷ്‌ടിച്ച മറ്റൊരു ലോകം ... എല്ലാവരും നിദ്ര പൂണ്ട ലോകം ... സ്വപ്നസമാനമായ പുലമ്പലുകള്‍ വാക്കുകളായി പിറവി കൊള്ളുന്ന ഇല്ലാത്ത ലോകം ... പറയുന്നതില്‍ മിക്കതും പച്ചക്കള്ളവും ... ആ ലോകത്തിലും നന്മ നിറഞ്ഞ ചില കോണുകള്‍ ഉണ്ടെന്നിരിക്കെയും പരസ്പര വിദ്വേഷത്തിന് വളം വയ്ക്കുന്ന മൊഴികളാണ് ഏറിയ പക്ഷവും ...
ആശുപത്രി മുറിയില്‍ എത്തി ... ഡോക്ടര്‍മാര്‍ ചില ക്രിയകള്‍ നടത്തി ... കൊണ്ട് വന്നയാള്‍ പുറത്ത് ഇരിക്കുന്നുണ്ടായിരുന്നു ... എവിടുന്നൊക്കെയോ പണം സംഘടിപ്പിച്ചു അയാള്‍ ... സ്വന്തം സഹോദരനെന്ന പോല്‍ അയാള്‍ ദയ കൊണ്ട് വീര്‍പ്പുമുട്ടിച്ചു അവന്റെ ആത്മാവിനെ ..
താഴ്ന്നു പറന്നിറങ്ങിയ അവന്റെ ആത്മാവ് ആശുപത്രി മതില്‍ ചാടിക്കടന്ന് അകത്തേയ്ക്ക് കുതിച്ചു ... വഴിയില്‍ വച്ച് കണ്ടു മുട്ടിയ പോത്തിന്റെ മുകളില്‍ ഒരാള്‍ ഇരിപ്പുണ്ടായിരുന്നു ... അവന്‍ ഒരു നിമിഷം തരിച്ചു നിന്നു ...

അയാള്‍ പതിയെ ചിരിച്ചു ... കൊമ്പന്‍ മീശ തടവി ...
അവന്‍ ചോദിച്ചു ..
എനിക്ക് വേണ്ടി വെയ്റ്റിംഗ് ആണോ ?
അയാള്‍ കുമ്പ കുലുക്കി പൊട്ടിച്ചിരിച്ചു ...
അയാള്‍ കരുണയോടെ പറഞ്ഞു ... അല്ല കുട്ടി ... വേറൊരാള്‍ ഉണ്ട് ... ഇപ്പൊ വരും ..
അപ്പോ ഞാനോ ... അവന്‍ കൌതുകം പൂണ്ടു ..
നിന്റെ സമയം ആയിട്ടില്ല ... ഇത് നിന്റെ തിരിച്ചറിവിന്റെ സമയം ആണ് ... പെട്ടെന്ന് ഓടിപ്പോയ്ക്കോ ... അയാള്‍ കല്‍പ്പിച്ചു ..
അവന്‍ ഓടി ... എല്ലാ ചുമരുകളിലും കയറിയിറങ്ങി കട്ടിലിലെ തണുത്ത ശരീരത്തിലേയ്ക്ക്‌ വീണു ... നിലച്ച സ്പന്ദനം ഉയിര്‍ത്തു ... ശരീരത്തിന് ചൂട് വന്നു തുടങ്ങി ... അത്ഭുദമെന്നോണം വൈദ്യന്‍മാര്‍ നോക്കി നിന്നു ...
പതിയെ കണ്ണ് തുറന്നു ... പുറത്ത് വ്യാകുലനായി ഇരിക്കുന്ന സഹോദരനെ മാടി വിളിച്ചു ... അവന്‍ ഓടിയെത്തി ... എന്നിട്ടവന്റെ ചെവിയില്‍ മൊഴിഞ്ഞു ...
ആകാശത്തിരുന്ന എന്നെ ഭൂമിയിലെത്തിച്ചത് നിങ്ങളാണ് ... നമുക്ക് ദൂരെ ദൂരെ ഒരു യാത്ര പോണം . . .കിഴക്കന്‍ മലയിലേയ്ക്ക് . . . മേഘത്തുണ്ടുകള്‍ കൂട്ടി മുട്ടുന്നിടത്ത് . . . മാലാഘമാര്‍ പറന്നിറങ്ങുന്ന കുന്നിന്‍പുറത്തേയ്ക്ക് . . . മൂടല്‍ മഞ്ഞ് കനം കൂടി വരുന്ന വൈകുന്നേരത്ത് . . . മനസ്സുകള്‍ വേലിക്കെട്ടുകള്‍ തീര്‍ക്കാത്ത തെളിഞ്ഞ മാനം കാണാന്‍  . . . ഇരുളുന്ന വാനത്തിലെ  നക്ഷത്ര വിളക്കുകള്‍ക്ക് തിരി കൊളുത്താന്‍ . . . പടിഞ്ഞാറന്‍ കുന്നിലെ സൂര്യനോട് വിട ചൊല്ലാന്‍ . . . ചുവന്ന താഴ്വാരത്തെ നോക്കി പുഞ്ചിരിയ്ക്കാന്‍ . . .

Tuesday, 12 February 2019

കാവുരിയാട്ടം




കളി വിളക്ക് തെളിഞ്ഞു കത്തുന്നു .. പുലര്‍കാല സ്വപ്നം .. കാണണം അറിയണം .. കോലത്ത് നാടിനെ ... കാപ്പിക്ക് നില്‍ക്കാതെ അവള്‍ ഇറങ്ങി.. നേരെ തീവണ്ടിയാപ്പീസിലേയ്ക്ക് .. പോക്ക് വരവിനുള്ള ടിക്കെറ്റുകള്‍ ബുക്ക്‌ ചെയ്തു .. വൈകുന്നേരം തന്നെ യാത്ര ...
     
  അച്ഛന്റെ ചുവടുറച്ച ഇല്ലപ്പടി കാണണം .. കളി പഠിച്ച കളിയരങ്ങ് .. മുദ്രയുഴിഞ്ഞ വിളക്കിന്‍ തിരി നാളം.. ആദ്യമായ് അരങ്ങിലെത്തിയപ്പോള്‍ പിടിച്ച പഴയ ചുവന്ന തിരശീല .. ദക്ഷിണ എന്ത് വേണ്ടൂ എന്ന് മൂത്ത നമ്പൂരിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം ആവശ്യപ്പെട്ടതാണ് അത് ..
വയലുകള്‍ കാണണം .. കോട്ടക്കുന്ന്‍ കാണണം .. കുന്നിന്‍ മുകളിലെ അമ്പലത്തിലെ അരയാല്‍ച്ചുവട്ടില്‍ ഒരിത്തിരി നേരം ഇരിയ്ക്കണം .. അതിരാവിലെ അഭ്യാസം കഴിഞ്ഞു അച്ഛന്‍ വന്നിരിയ്ക്കാറുള്ള സ്ഥലം ..

അമ്പലമുറ്റത്ത് നിന്ന് ഇറങ്ങിപ്പോകുന്ന കല്‍പ്പടവുകള്‍ .. താഴ്വാരത്തിലേയ്ക്ക് .. ദൂരെ ഉച്ചൂളിക്കുന്ന്.. തെക്കന്‍ ദിക്കില്‍ വസന്ത പര്‍വ്വത്തിലെ സ്വര്‍ണവര്‍ണം അണിഞ്ഞു കിടക്കുന്ന മാടായിപ്പാറ .. കാവിലമ്മ മുങ്ങിക്കുളിക്കുന്ന തടാകം ... ദാരികന്‍ കോട്ട .. കാളി ദാരികനെ എറിഞ്ഞു കൊന്ന തിരുവര്‍കാട്ടു കാവ് .. കടലോരത്ത് പള്ളിയുറങ്ങുന്ന ഏഴിമല .. കിഴക്കന്‍ ദിക്കില്‍ കിള്ലാ നദിക്കരയില്‍ കണ്ണെത്താ ദൂരത്തോളം എഴോത്തെ വയലുകള്‍ .. ചെറു തുരുത്തുകള്‍ .. വിദൂര ഓര്‍മ്മകള്‍ ...

പിന്നൊരു മോഹം .. കാവിലെ മരം കാണണം ...
കാവിലെ മരം ...
നാല് വയസ്സുള്ളപ്പോള്‍ അച്ഛന്റെ ഒക്കത്തിരുന്ന് തൊട്ടതാണ് ആ മേനിയില്‍ .. തലമുറകളുടെ സ്പര്‍ശം .. കാന്തികത ..

കാവിലെ മരം ... ഏറ്റവും ഉയരമുള്ള മരപ്രഭുക്കന്മാരില്‍ ഒരുവന്‍ ... അമ്മയുടെ പ്രിയങ്കരന്‍ ... മരം എന്നാല്‍ അമരം അല്ലാത്തത് എന്ന അര്‍ഥം ഉണ്ടോ .. അവന്‍ അമരന്‍ ആണ് .. അമ്മ വിധിച്ചു തന്ന അമരത്വം .. വലിയ മരം .. നൂറ്റാണ്ടുകളായി പെരുമുടി ഉയരുന്നത് കാണാന്‍ ഉള്ള ഭാഗ്യം ... അമ്മയുടെ മുടിയുടെ തഴുകല്‍ അനുഭവിക്കാന്‍ ഉള്ള മഹാഭാഗ്യം ... തലമുറകളെ കണ്ട മരം .. ആയിരം കാരണവന്മാരെ കണ്ട മരം .. അവനിലൂടെ നമ്മള്‍ കാണുന്നത് , തൊടുന്നത് അവരെയല്ലേ ... അച്ഛനെ അറിയാന്‍ കഴിയില്ലേ ..

കാവോര്‍മ്മയുണ്ടോ .. അവള്‍ സ്വയം ചോദിച്ചു .. മഴ ചാറിപ്പെയ്യുന്ന വാനം നോക്കി ... മരങ്ങള്‍ കാണാം .. കാട്ടുപൊന്തകള്‍ ... വള്ളിക്കെട്ടുകള്‍ .. തന്റെ വള്ളിക്കെട്ടിലച്ചി .. കൊടും കാവ് ... കാവകപ്പച്ച ... സ്വര്‍ഗം തന്നെയല്ലേ ... സ്വര്‍ഗത്തില്‍ വസിക്കുന്ന മാതാവ് ... തിരുവര്‍കാട്ടമ്മ ... 

പെട്ടെന്ന് പഴമയില്‍ മുങ്ങിക്കുളിക്കണം എന്നൊരാഗ്രഹം .. അതായിരിക്കാം സ്വപ്നം കണ്ടത് ...
മരമുത്തശന്റെ വിളി .. കാവിലമ്മയുടെ വിളി ...
    
 പെറ്റമ്മയോടു അനുവാദം വാങ്ങിച്ചു ... അമ്മ സമ്മതം മൂളി ..

മാടായിക്കാവിലെ കലശനാള്‍ നാളെയാണ് .. അന്ന് കോലത്തുനാട്ടിലെത്താമെന്നു തീരുമാനിച്ചു .. അതിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു .. നിമിഷങ്ങളെണ്ണി കഴിഞ്ഞു .. കാവകപ്പച്ച മനസ്സില്‍ സ്വരുക്കൂട്ടി വച്ചു ... പാറപ്പുറത്ത് പടര്‍ന്നു പിടിച്ച എറുകാട് 

... തിരുവെറുകാട് ..

സായാഹ്നം വന്നെത്തി ... വടക്കോട്ട്‌ വണ്ടി കയറി ... സഞ്ചരിക്കുന്ന ജനാലക്കമ്പികള്‍ക്കൊപ്പം ഓര്‍മകളും സഞ്ചരിച്ചു ... തന്റെ ജീവിതം ... പിന്നിട്ട വഴികള്‍ .. അച്ഛന്‍ .. അച്ഛന്റെ നാട് ... ഒരു നാല് വയസ്സ് വരെ താനും ഉണ്ടായിരുന്നു അവിടെ .. കഥകളിയ്ക്ക് മുറ്റുള്ള മണ്ണ് അതല്ല എന്ന് കണ്ടപ്പോള്‍ അച്ഛന്‍ കൂട് മാറി .. താനും .. അച്ഛനെ അവിടാരും തിരിച്ചറിഞ്ഞില്ല എന്ന് തന്നെ പറയണം .. ഇതിഹാസ തുല്യന്‍ എന്ന് പുറംലോകം വാഴ്ത്തിയപ്പോഴും അറിഞ്ഞില്ല .. ഇന്നും അറിയില്ല ...
 
അച്ഛന്റെ വഴിയിലേയ്ക്ക് തന്നെ നീങ്ങിയ മകളെ അമ്മ ഒരിക്കലും തടഞ്ഞിരുന്നില്ല.. .. അച്ഛന്‍ പൂര്‍ണതയിലെത്തിച്ച പല വേഷങ്ങളും ഉണ്ട് ... അതിലൊന്നാണ് സ്ത്രീ വേഷം ... കോട്ടയം തമ്പുരാന് മുഴക്കുന്നിലമ്മ കാട്ടിക്കൊടുത്ത ദിവ്യ രൂപം .. മുഴക്കുന്ന്‍ അമ്പലക്കുളത്തില്‍ ഭഗവതി  പകുതിയോളം പൊങ്ങി വന്നു ആ രൂപം കാട്ടിക്കൊടുത്തു ... അവള്‍ക്ക് എന്തോ ആ വേഷത്തിനോടു വല്ലാത്ത പ്രണയം ആയിരുന്നു ...
     
 അഞ്ചു വയസ്സുള്ളപ്പോള്‍ അച്ഛന്‍ അവളെ ആ വേഷത്തില്‍ അണിയിച്ചൊരുക്കിയത് അവള്‍ ഓര്‍ത്തു ... അന്നു കണ്ണാടിയില്‍ കണ്ട മുഖം ഏതോ ദേവതയുടെത് ആണെന്ന് അവള്‍ക്ക് തോന്നി ... അച്ഛന്റെ ശിക്ഷണത്തില്‍ ചുവടും മുദ്രകളും ഉറച്ചു ... ഏതോ മാന്ത്രിക ശക്തി തന്നിലേയ്ക്ക് പകര്‍ന്നു തന്നിട്ട് ഒടുവില്‍ അദ്ദേഹം പോയി ...
     
  എരിഞ്ഞു കത്തുന്ന ചിതയില്‍ നിന്നും പല പല കളിരൂപങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റ് തന്റെ നേരെ വരുന്നതായി അവള്‍ക്ക് തോന്നി.. താന്‍ തന്നെ അച്ഛന്റെ പിന്ഗാമി .. ഒരു പെണ്ണായ നിനക്ക് അതിനു കഴിയില്ല എന്ന് പലരും വിമര്‍ശിച്ചു .. എന്നിട്ടും അവള്‍ വിജയിച്ചു ... കലോത്സവങ്ങളില്‍ വിജയിയായി .. ആണ്‍കുട്ടികളെക്കാള്‍ പൌരുഷത്തോടെ അവളുടെ കഥാപാത്രങ്ങള്‍ അരങ്ങു വാണു .. പെരുമ വാനോളം ഉയര്‍ന്നു ... അച്ഛന്റെ മകള്‍ തന്നെയെന്നു വിമര്‍ശകര്‍ വിധിയെഴുതി ...

ഓര്‍മ്മകള്‍ സ്വപ്നങ്ങളിലേയ്ക്ക് ഉറങ്ങിയപ്പോള്‍ മഴച്ചാറ്റലിന്റെ തഴുകല്‍ ... ഉണര്‍ന്നു .. കലശ നാള്‍ വന്നെത്തി ... വണ്ടി പഴയങ്ങാടിയില്‍ എത്തി ... ഒട്ടും അപരിചിതത്വം തോന്നിയില്ല ... പഴമ മരിക്കാതിരിപ്പുണ്ട് ...
പാഴിക്കുന്നു കയറി ... നന്നന്റെ വാളൊച്ചകള്‍ , കാരി ഗുരുക്കളുടെ കളരിയിലെ ഉറുമിത്തിളക്കം , മുരിക്കിഞ്ചേരി കേളുവിന്റെ പോര്‍ചമയങ്ങള്‍ , കുതിരക്കുളമ്പടികള്‍ , കച്ചവടത്തിന് വന്ന ജൂതന്മാര്‍ , ധ്യാനത്തിന് വന്ന ബുദ്ധന്മാര്‍ , മാടായിനഗരമെന്ന ജോനകര്‍ , തോക്കേന്തിയ വെള്ളക്കാര്‍  ... ഒക്കെ കേട്ടു, കണ്ടു ... കരിപ്പൂരം വെള്ളിത്തട്ടിലെ വേട്ടയ്ക്കൊരു മകനെ കണ്ടു .. ഏഴിമല മുകളില്‍ വിലസുന്ന കോലമന്നന്റെ കൊട്ടാരക്കെട്ടു കണ്ടു .. കോലനന്മലനാട് കണ്ടു ...
ഇടവത്തിലെ ഇളം തണുപ്പുള്ള ഉച്ചവെയില്‍ ... കലശപ്പകല്‍ ... ചുവപ്പുടത്ത് പച്ചക്കച്ചു ചുറ്റിക്കെട്ടി ചുരിക ധരിച്ചു പെരുവണ്ണാന്‍ .. പാറപ്പുറത്ത് ചാരി വച്ച ഓലക്കുട .. ധ്യാനനിമഗ്നനായി തലപ്പാളി തൊഴുതു കെട്ടി ചെക്കിത്തണ്ടയും അതിനു മേല്‍ പട്ടവും അണിഞ്ഞു .. വടുകുന്ദത്തപ്പന്റെ തെക്ക് ഭാഗത്ത് കടലിനോടഭിമുഖമായി നിന്നു .. പള്ളിവാള്‍ ഉയര്‍ത്തി .. കര നീങ്ങി കടലായ മാടായിലെ ഭഗവതിയുടെ ചൈതന്യം ആവാഹിച്ച് ഒരു സ്മരണ പുതുക്കല്‍ പോലെ .. നൂലിട്ടാല്‍ നില കിട്ടാത്തൊരു സമുദ്രം മൂന്നേ മുക്കാല്‍ നാഴിക കൊണ്ട് വ്ളാകി മാടാക്കി ചമച്ച മാടായിക്കാവിലച്ചി .. അത്ഭുദം തോന്നേണ്ട , അതിനുത്തരം ഞാനെന്ന പോലെ പാറപ്പുറത്ത് അങ്ങിങ്ങായി ആണ്ടിറങ്ങിയ കക്കകള്‍ , കടല്‍ ശേഷിപ്പുകള്‍ ...

  കലശ സന്ധ്യ ... കാവകത്തെ അണിയറയില്‍ നിന്നും തെയ്യങ്ങള്‍ ഓരോരുത്തരായി വടക്കേം വാതിലിലേയ്ക്ക്‌ നടന്നു വരികയാണ് .. പെരുമഴ കുത്തിയൊലിപ്പിച്ച കാവിലെ മണ്ണ് ചെറു തോടായി ഒഴുകി ..തോട് മുറിച്ചു കടന്നു തെയ്യങ്ങള്‍ വന്നു പീഠം കൈക്കൊണ്ടു .. പെരുവണ്ണാന്‍മാര്‍ മുടി ഉയര്‍ത്തി .. അമ്മയുടെ തിരുമുടി ... ദാരികവധത്തിനു ശേഷം തിരുവര്‍ക്കാട്ടു വടക്കേം ഭാഗം വിരിത്തുറഞ്ഞ ഭദ്രകാളി ... മാടായിക്കാവിലമ്മ ... മാടായി പെരുവണ്ണാന്‍ തിരുമുടി ശിരസ്സിലേന്തി .. കലശം കയ്യേറ്റു ..

 മനയോലയും ചായില്ല്യവും തേച്ച മുഖങ്ങള്‍ കണ്ടപ്പോള്‍ അവള്‍ക്ക് ഹരിതവര്‍ണം അണിഞ്ഞ അച്ഛന്റെ മുഖം ഓര്‍മ വന്നു ... പച്ചയോട് വെറുതെയല്ല തനിക്കിത്ര സ്നേഹം എന്നവള്‍ ഓര്‍ത്തു .. മുഖത്തെ പച്ചയായാലും കാവിലെ പച്ചയായാലും ...
എല്ലാവരുടെയും മനസ്സില്‍ പച്ചപ്പ്‌ ഉണ്ടാവട്ടെ എന്ന് അവള്‍ പ്രാര്‍ത്ഥിച്ചു ... പക്ഷെ കാവകപ്പച്ച മാഞ്ഞിരിക്കുന്നുവോ ? അവള്‍ ചുറ്റും കണ്ണോടിച്ചു .. അതെ , വിള്ളലുകള്‍ വീണിരിക്കുന്നു .. അകം നോക്കിയാല്‍ പുറം കാണാത്ത കൊടും കാവ് അല്ല ഇന്ന് ...

അവള്‍ മരമുത്തശ്ശനെ പരതി ...
അവിടുണ്ട് ... തലയുയര്‍ത്തി നോക്കുന്നുണ്ട് ... വരാന്‍ സമയമായില്ല എന്നവന്‍ ആംഗ്യം കാണിക്കുന്നുണ്ട് ... കലശം കഴിയട്ടെ ...

പെരുങ്കലശങ്ങള്‍ പെരുമഴക്കാലത്തിലേയ്ക്ക് വഴി മാറിയിരിക്കുന്നു ... നീലേശ്വരത്തെയും മാടായിയിലേയും ചിറക്കലേയും നാട്ടുവഴികളില്‍ തെയ്യച്ചോപ്പ് മാഞ്ഞു തുടങ്ങി .. മനയോലയും ചായില്യവും മഴയേറ്റ് കുതിര്‍ന്ന മണ്ണില്‍ വീണു പടര്‍ന്ന് വളപട്ടണം പുഴയിലൊഴുകിയെത്തി .. മാടായി പെരുങ്കോട്ട പെരുമഴയത്ത് ഏകാകിയായി നിന്നു .. താഴ്വാരത്തെ കാവുകളില്‍ അന്തിത്തിരി മാത്രം നിറഞ്ഞു കത്തി .. വാളും വിളക്കും ഓലക്കുടയും മായ്ക്കാത്ത മുഖത്തെഴുത്തുമായി പെരുവണ്ണാന്‍ ദൂരേയ്ക്ക് നടന്നകന്നു ... പൂരക്കടവും പൂവിടും കല്ലും ചാലിക്കാവും ആയിരം നെല്ലിച്ചാലും വടുകുന്ദപ്പുഴയും കാലത്തിനു വിട ചൊല്ലി ... വടക്കേം വാതിലിലെ കലശത്തറയ്ക്ക് ചുറ്റും ചെക്കിപ്പൂക്കള്‍ തണുപ്പ് പറ്റി കിടന്നു .. ദാരികന്‍ വീണ ചാലില്‍ രക്തവും മഴവെള്ളവും കൂടിക്കലര്‍ന്ന് വേറാഭേദമില്ലാതെയായി ... കര്‍ക്കിടക മാസ പട്ടിണി ആരംഭം ...

മാടായിക്കുന്നിറങ്ങി എഴിമലയിലേയ്ക്ക് മുഖം നോക്കി പെരുവണ്ണാന്‍ നടന്നകലുകയാണ് ...കര്‍ക്കിടകമാസ പട്ടിണിയുടെ ആഴങ്ങളിലേയ്ക്ക് ... പാറക്കുളത്തിലെ വെള്ളത്തിനിപ്പോള്‍ നല്ല തണുപ്പാണ് .. മഴ പെയ്തിറങ്ങിയ തണുപ്പ് .. മന്ദം പുറത്ത് കാവിലമ്മയും മാടായിക്കാവിലച്ചിയും കളരിയാല്‍ ഭഗവതിയും മുടി താഴ്ത്തി ശ്രീകോവിലണഞ്ഞു ... കളിയാട്ടപ്പെരുമഴ പെയ്തൊഴുകിപ്പോയി ... ഭക്തമനസ്സുകളില്‍ ആകെ തണുപ്പ് .. പെരുവണ്ണാന്റെ മനസ്സില്‍ മാത്രം തണുപ്പോ മരവിപ്പോ ചൂടോ ..
പെരുമുടിയേന്തിയ പുണ്യവും ത്യാഗവും അനുഗ്രഹങ്ങളായി വന്നു കൂടിയവരിലേയ്ക്ക് എത്തിയതിന്റെ തണുപ്പുണ്ടാകാം ..

പെരുവണ്ണാന്റെ മുഖം കണ്ടപ്പോള്‍ അവള്‍ക്ക് അച്ഛനെ ഓര്‍മ വന്നു ... അണിയലങ്ങള്‍ അഴിച്ചു മാറ്റിയപ്പോള്‍ ഒറ്റയ്ക്കായ പോലെ അദ്ദേഹം ... അച്ഛനെ പോലെ ... മരമുത്തശ്ശനെ പോലെ ...
ആസ്വദിച്ചവരും ആരാധകരും അരങ്ങൊഴിഞ്ഞു ... തോറ്റിപ്പൊലിച്ച ദേവതാചൈതന്യങ്ങള്‍ മാത്രം ഒരല്‍പം ബാക്കി നിന്നു .. പാതി മാഞ്ഞു പോയ മുഖത്തെഴുത്തും തലപ്പാളിയും ഓലക്കുടയുമായി അദ്ദേഹം കാവ് വിട്ടകന്നപ്പോള്‍ കളിയരങ്ങ് വിട്ട് അണിയറയില്‍ ഒറ്റയ്ക്കിരുന്നു ചുട്ടി മായ്ക്കുന്ന അച്ഛനെ കാണാനായി ...

കലശം കഴിഞ്ഞു ... ആളൊഴിഞ്ഞു ... അവള്‍ മരച്ചുവട്ടിലേയ്ക്ക്‌ വന്നു ... അവന്‍ ചില്ലകള്‍ കൊണ്ട് അവളെ ആശ്ലേഷിച്ചു .. എവിടെ പോയിരുന്നു ഈ കാലമത്രയും എന്ന ചോദ്യമെന്നോണ ചില്ല കുലുക്കി ... കാറ്റെന്ന് കണ്ടു നിന്നവര്‍ ... അവള്‍ മരച്ചെതുമ്പലുകളില്‍ തലോടി ... തലമുറകളുടെ സ്പര്‍ശനമേറ്റ മേനി ..

അവള്‍ ചുറ്റും നോക്കി ... പച്ചപ്പ്‌ നന്നേ കുറഞ്ഞിരിയ്ക്കുന്നു ... ഒരിലത്താമരകളില്ല ... വെള്ള വയറന്‍ കടല്‍ പരുന്തില്ല ... പുല്ലാഞ്ഞിവള്ളികളില്ലാതായിക്കൊണ്ടിരിക്കുന്നു ...  ഇന്നലെ സ്വപ്നം കണ്ടു കിടന്ന കാവല്ല ...
 താഴെ തട്ടിലെ ചാലിക്കാവും കാവല്ലാതായിരിക്കുന്നു ... താഴേയ്ക്ക് നീളുന്ന കല്‍പടികള്‍ ഏതോ വിരഹ വേദനയില്‍ വടക്കോട്ട് നോക്കി കിടന്നു ...
 ഇന്ന് വള്ളിക്കെട്ടിലച്ചി പള്ളിയറയില്‍ മാത്രമാണെന്നവള്‍ക്ക് തോന്നി ... കാവകം ശൂന്യമായത് പോലെ ...

മരമുത്തശ്ശനെ പോലെ വലിയ മരങ്ങള്‍ മാത്രം ... ചെറുസസ്യങ്ങളും വള്ളിക്കെട്ടും ഇല്ല ..
ഒറ്റയ്ക്കായോ ? അവള്‍ ചോദിച്ചു ..
അതെ എന്ന അര്‍ത്ഥത്തില്‍ അവന്‍ ചില്ല കുലുക്കി ...
മരച്ചുവട്ടില്‍ മണ്ണില്‍ ആണ്ടു കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ അവളുടെ കാലു തട്ടി .. നൊന്തു .. തോല് കീറി ചോര ഒലിച്ചു ..

‘ എന്നെ കടപുഴയ്ക്കാന്‍ മാത്രം ശക്തി ഇതിനില്ല , എന്നാലും എന്റെ കൂട്ടരെ എല്ലാം നിങ്ങള്‍ കൊണ്ട് പോയി ’

 ... അവന്‍ പരിഭവം പറഞ്ഞു ..

കാവ് തീണ്ടല്ലേ എന്ന് പറഞ്ഞതല്ലേ ... അവന്‍ കണ്ണീരെന്ന പോലെ മര്‍മരം പൊഴിച്ചു ...

അണിയറയിലിരുന്ന് മുഖത്തെ പച്ചപ്പ്‌ മായ്ക്കുന്ന അച്ഛന്റെ മുഖം വീണ്ടും മനസ്സിലെത്തി ... ഒറ്റയ്ക്കിരുന്നു പച്ചപ്പ്‌ അഴിക്കേണ്ടി വരുന്ന പ്രകൃതിയും അത് പോലെ തന്നെ ... അവള്‍ ഓര്‍ത്തു ...
തന്റെ മക്കള്‍ നന്നാവും എന്ന പ്രതീക്ഷയോടെ കാവില്‍ ഇരിക്കുന്ന അമ്മ അവളെ നോക്കുന്നുണ്ടായിരുന്നു ...

കാവകം അവള്‍ നടന്നു കണ്ടു .. മനുഷ്യന്‍ കാവ് തീണ്ടിയ മുറിപ്പാടുകള്‍ ... മനസ്സില്‍ പറഞ്ഞു വച്ച പച്ചപ്പ്‌ വിസ്മൃതിയിലേയ്ക്ക് എന്ന പോലെ ... പാറയുടെ വടക്ക് കിഴക്കന്‍ ഭാഗം മുഴുവന്‍ പച്ച പുതപ്പിച്ച ഓര്‍മ്മകള്‍ ഇന്ന് എരിഞ്ഞ പാറ കാര്‍ന്നെടുക്കുന്ന കാഴ്ച ... കാര്‍ന്നെടുപ്പിച്ചത് നമ്മുടെ കൂട്ടര്‍ ... അവള്‍ നെടുവീര്‍പ്പിട്ടു ..

മരമുത്തശ്ശന്റെ ആത്മാവ് അവളോടൊത്തു നടക്കാനിറങ്ങി ... മാടായിപ്പാറ ചുറ്റിക്കാണാന്‍ ... കാവ് തീണ്ടല്ലേ എന്ന് പറഞ്ഞതല്ലേ എന്നവന്‍ പറഞ്ഞു കൊണ്ടിരുന്നു ... പലവര്‍ഷം കഴിഞ്ഞു കാണാന്‍ വന്നിട്ട് പരിഭവം മാത്രമെന്തേ എന്നവള്‍ മറുമൊഴി ചൊല്ലി ...
അവന്‍ പറഞ്ഞത് ശരിയാണ് ... മഴ കുറഞ്ഞു ... കാക്കപ്പൂക്കള്‍ മണ്ണിനടിയില്‍ ഒളിച്ചു ... ഹരിത വര്‍ണത്തേയ്ക്കാള്‍ ശോഭ സ്വര്‍ണവര്‍ണത്തിനായി ... പാറക്കുളത്തിലും പൂരക്കടവത്തും വെള്ളം താണു ... പറന്നു വന്നിരിയ്ക്കാറുള്ള ദേശാടനകിളികള്‍ കുറഞ്ഞു .. വല്ലപ്പോഴും വന്നിരിയ്ക്കാറുള്ള ചാരവാലന്‍ പക്ഷി മരമുത്തശ്ശനോട്‌ ഉപചാരം ചൊല്ലി .. ചാരവാലനും പോവാണത്രെ ...

പണ്ട് കണ്ട ചെറു സസ്യങ്ങള്‍ ഇന്നില്ല ... ചെറു ജീവികള്‍ ഇല്ല ... കാവകത്ത് നിന്നെത്തുന്ന തെന്നലില്ല ...

 മണ്ണടിഞ്ഞ തന്റെ കൂട്ടുകാരെ ചൊല്ലി മരം വിതുമ്പിക്കരഞ്ഞു ...
ഒറ്റപ്പെടല്‍ ... കൊടും വേനലിലെ ഒറ്റമരത്തെപ്പോലെ ...
കാവ് തീണ്ടിയ മനുഷ്യന്റെ പാപഭാരത്തോടെ അവള്‍ പാഴിക്കുന്നിറങ്ങി
... എല്ലാം കണ്ടും കെട്ടും ഒരു ചെറു ചിരിയോടെ കാവിലമ്മയും ...

ഇല്ലപ്പടിയും കളിയരങ്ങും കോട്ടക്കുന്നും വയലുകളും കണ്ടു ... അച്ഛന്‍ ആദ്യമായ് അരങ്ങിലെത്തിയപ്പോള്‍ പിടിച്ച പഴയ ചുവന്ന തിരശീല ഒരു കൈ തൊട്ടു ..  കുന്നിന്‍ മുകളിലെ അരയാല്‍ തറയില്‍ അച്ഛന്റെ സാമീപ്യത്തില്‍ ഒരിത്തിരി നേരം ഇരുന്നു ... കല്‍പ്പടവുകളും താഴ്വാരവും ഉച്ചൂളിക്കുന്നും ഒരു മാത്ര കണ്ടു ... ഒരല്‍പം ദൂരെ മാടായിപ്പാറയും ...

മാടായി കിഴക്കേ ചെരുവിന്റെ തുടുത്ത മണ്ണില്‍ തഴച്ചു വളര്‍ന്ന ഹരിതവനം മാഞ്ഞു കൊണ്ടിരുന്നു ...

കാവ് തീണ്ടല്ലേ എന്ന മരമുത്തശ്ശന്റെ തേങ്ങല്‍ അപ്പോഴും അവളുടെ മനസ്സില്‍ ബാക്കിയായി ... കളിയരങ്ങില്‍ നിന്നും വരുന്ന ആക്രോശങ്ങളെന്നോണം അത് മുഴച്ചു നിന്നു ...

Friday, 1 February 2019

ഋതു

ഓരോ പ്രകൃതിയും ഓരോ ഭൂതലങ്ങളും ഓരോ ഋതുക്കളും ഓരോരുത്തരിലും അനുഭവവേദ്യമാകുന്നത് വിവിധങ്ങളായ മാനങ്ങളിലാണ് ... ചിലർ അവയിലൊക്കെ ഭൂതകാലങ്ങളെ അനുസ്മരിച്ചെടുക്കുന്നത് കാണാം ... അവർക്ക് ഓരോ കാഴ്ചകളും ഓർമകൾ ആണ് ... അവർക്ക് സന്തോഷിക്കാൻ ഏറെയൊന്നും വകയില്ല ... അവരുടെ ക്ഷണികമായ വികാരവിസ്ഫോടനത്തിൽ സന്തോഷവും സങ്കടവും പ്രണയവും നിരാശയുമെല്ലാം ഒളിമറയുന്നു ... ബാല്യവും കൗമാരവും യൗവനവും മിന്നിമായുന്നു .. എന്തിരുന്നാലും നഷ്ടബോധങ്ങളുടെ തട്ട് താഴ്ന്നു തന്നെ ഇരിക്കും .. പെയ്തൊഴിഞ്ഞ മഴയുടെ സൗന്ദര്യത്തേയും പോയ വസന്തത്തിന്റെ മന്ദഹാസത്തേയും കുറിച്ചവർ വേവലാതിപ്പെട്ടുകൊണ്ടിരിക്കും ... എന്നാൽ മറ്റ് ചിലരാവട്ടെ പെയ്യാനിരിക്കുന്ന മഴയ്ക്ക് കാതോർക്കും ... ഉദിച്ചുയരുന്ന സൂര്യനെ നോക്കി പുഞ്ചിരിക്കും .... ആകാശത്തിന് കണ്ണാടിയെന്നോണം നീലിമ വിരിയിച്ച് കുന്നിൻപുറത്ത് കൂട്ടംകൂടിയിരിക്കുന്ന കാക്കപ്പൂക്കളെ കണ്ടാനന്ദിക്കും ... അവർക്കെല്ലാം പ്രതീക്ഷയാണ് , അവർക്ക് ഭൂതകാലങ്ങളില്ല , അവർക്ക് നഷ്ടബോധങ്ങളില്ല ... അവർ ഇല്ലാത്ത ഓർമകളെ പഴിക്കാറില്ല , സംഭവിക്കാത്ത നിമിഷങ്ങളെ കുറിച്ചോർത്ത് വേദനിക്കാറില്ല ... പ്രകൃതിയെന്ന മഹാബോധത്തിൽ അവരന്നുമുണ്ട് , ഇന്നുമുണ്ട് ... അനശ്വരമായി നില കൊള്ളുന്ന പരമാനന്ദബോധം ...
ഉദിച്ചുയരുന്ന സൂര്യനെ നോക്കി പുഞ്ചിരിയ്ക്കാൻ നമുക്കും പഠിക്കാം ... ഓരോ ഉദയവും ഒരോ പുനർജനിയാണ് ...

കുണ്ടത്തിന്‍ കാവിലെ ഉച്ചത്തോറ്റം

കരിപ്പൂരം വെള്ളിത്തട്ടും പൂരക്കടവും പൂവിടും കല്ലും ചാലിക്കാവും തെക്കിനാക്കീൽ കോട്ടയും ദാരികൻ വീണ ചാലും അറുവര് മടമങ്കമാരുടെ കോവിലും എറുകാട്ട് കാവും തൊട്ട് തലമുറകളുടെ അനുഗ്രഹവർഷം പൊഴിയാൻ തുടങ്ങി ... കടല് കടന്നോ മരക്കലമേറിയോ ഏഴിമല മുകളിൽ നിന്നോ തളിപ്പറമ്പത്ത് നിന്നോ ശ്രീ കൈലാസത്തു നിന്നോ എങ്ങു നിന്നോ വന്നണഞ്ഞ മാതൃചൈതന്യം ഒന്നു കൂടെ വിശാലമായി .. അമ്മയുടെ തിരുവുള്ളം പ്രസാദിച്ചു കണ്ടു .. മാടായി എരിഞ്ഞ പാറമ്മേൽ ആയിരത്താണ്ടുകളുടെ സ്മൃതികളുയിർത്തെഴുന്നേറ്റു .. കനലു കൈയ്യേറ്റ പെരുമലയൻമാരുടെ വീര ചരിതങ്ങൾ നിറഞ്ഞു നിന്നു .. വടക്കേ ചെരുവിറങ്ങിപ്പൊങ്ങിയുയർന്നു നിൽക്കുന്ന ഉച്ചൂളിക്കുന്നിലെന്നോ കൊളുത്തിവച്ച നങ്കൂരങ്ങൾക്ക് വരെ പിടിയിളകി .. കടൽ നീങ്ങി കരയായ ദേശം ആവേശത്തിരയിൽ കുതറിയോടി ...
കത്തിയ കുംഭമാസ വെയിൽ അണഞ്ഞു തുടങ്ങും നേരം ഏഴിമലത്തലപ്പിലേയ്ക്കർക്കൻ യാത്ര തുടങ്ങി ... അതിലും പതിൻമടങ്ങഞ്ചിയ സൂര്യശോഭയോടെ കത്താൻ ചെങ്ങൽ കുന്നിന്റെ തെക്കേ ചെരുവിൽ കനൽക്കുന്ന് ഉഷ്ണതാപങ്ങളെ വരവിളിച്ച് തപസ്സിരുന്നു ... വിറക് കൊള്ളികൾ മല പോലുയരുന്നു .. പാലായി പരപ്പേനെന്നും അടുത്തില പള്ളിപ്പെരുമലയനെന്നുമുള്ള പൂർവിക സ്മരണയിലൂറ്റം കൊണ്ട കനലാടി പള്ളിയറ തൊഴുത് മേലേരിത്തട്ട് വന്ദിച്ച് ചെങ്ങൽ കുന്ന് കയറി പാറപ്പുറത്തു കൂടെ എറുകാട്ട് കാവ് ലക്ഷ്യമാക്കി യാത്ര തുടങ്ങി ...

കാവിൽ തൊഴുത് അമ്മയെ മനസ്സുരുകി വിളിച്ച് ഉടുത്തു കെട്ടി വനമാലയണിഞ്ഞ് വമ്പിച്ച പുരുഷാരത്തിനിടയിലേക്ക് തോറ്റം വരവ് .. ചെങ്ങൽ കുന്നിറിങ്ങി മേലേരിത്തട്ടിലേയ്ക്ക് കൺമഷിയിട്ട കണ്ണുകളിൽ കത്തുന്ന കനലോടെ .. വീര രസം മുറ്റിയ മുഖപങ്കജത്തിൽ കരുണ രസം കൂടിക്കലർന്ന് വീരഗംഭീരഭാവത്തോടെ .. പൊന്നു പൊടിക്കുന്ന നേരത്ത് നിലയ്ക്കാത്ത വാദ്യഘോഷങ്ങളുടെ അകമ്പടിയിൽ നിലയുറപ്പിക്കാത്ത പദചലനങ്ങളോടെ പടിക്കെട്ടുകളിറങ്ങി വന്ന് പുകഞ്ഞു തുടങ്ങിയ കുന്നോളം കൂട്ടിയ കത്തുന്ന കനലാഴി തൊട്ടുവണങ്ങി പളളിയറത്തിരുമുറ്റത്തേക്ക് പാഞ്ഞടുത്ത് കൊടിയില പിടിച്ചു വാങ്ങി പരദേവതയാൽ ശേഷിപ്പെട്ട് ഉറഞ്ഞു തുള്ളി ... പരകായപ്രവേശം കൈക്കൊണ്ട കനലാടിയെ പിടിച്ചു നിർത്തി തലപ്പാളിപ്പട്ടം പിടിച്ചുകെട്ടുമ്പോഴേക്കും വീണ്ടും ഉറഞ്ഞു തുള്ളി ചെണ്ടത്തലപ്പിൽ രണ്ടടിച്ച് വരവിളിച്ച് ഹിരണ്യവധം ചെയ്ത് ജ്വലിക്കും വേഗത്തോടെ മേലേരിത്തട്ടിലേയ്ക്ക് പടികൾ കയറി പാഞ്ഞടുത്ത് കരക്കാരുടെ ശബ്ദഘോഷങ്ങളിലും ഗോവിന്ദാ വിളികളിലുമാറാടി നിറഞ്ഞു കത്തുന്ന കനലാഴി മതിമറന്ന് പ്രദക്ഷിണം ചെയ്യുകയും ഒട്ടൊന്ന് ശ്രദ്ധ തെറ്റിയപ്പോൾ അതിലേയ്ക്കോടിക്കേറാൻ ശ്രമിച്ചും തൊലിയുരിയുന്ന ചൂടത്തും ചുട്ടുപഴുത്ത കാൽപ്പാദങ്ങളോടെയും തീപ്പെണക്കം കൊണ്ട കുണ്ടത്തിൻ കാവിലെ പരദേവതയുടെ ഉച്ചത്തോറ്റം .. അന്തിത്തോറ്റവും കോലവും ബാക്കിയുണ്ടെന്നിരിക്കിലും അത്യാവേശത്തോടെ കനലാടി പരദേവതയിലേയ്ക്ക് ശേഷിപ്പെട്ടു കഴിഞ്ഞിരിക്കുന്നു ... പൊന്നു പൊടിക്കുന്ന മാനത്തേയ്ക്ക് തൂവിയ നീലഭസ്മത്തോടൊപ്പം ഉയരെയുയരെപ്പോകുന്ന മേലേരിത്തീപ്പൊരികൾ അന്തിത്തോറ്റത്തെ വരവേൽക്കാനൊരുങ്ങിയുയർന്ന പോലെ ...

എഴോത്തിനപ്പുറം നാടില്ല

കിള്ലാ നദിക്ക് വടക്ക് വയല്‍പ്പരപ്പുകളാല്‍ ചുറ്റപ്പെട്ട ഒരു ഗ്രാമം .. തുരുത്തും പുഴയും കൈവഴികളും കൈപ്പാടുകളും സമതലങ്ങളും ചെമ്മണ്‍ കുന്നുകളുമായ് ഉയര്‍ന്നുയര്‍ന്നു പോകുന്ന ഒരു ഗ്രാമം ... മാടയിക്കാവിലമ്മയുടെ കോലസ്വരൂപവും സോമേശ്വരിയുടെ നേരിയോട്ട് സ്വരൂപവും അതിര് പങ്കിടുന്ന ഗ്രാമം .. അതിരായി കരിയാത്തോട് ..
വയല്‍ക്കരയില്‍ ശീലത്ത് ഭഗവതിയും ചേരിക്കല്‍ ഭഗവതിയും പൂക്കുന്നത്ത് ഭഗവതിയും നാട്ടു കാവല്‍ക്കാര്‍ .. എഴോത്തിന്റെ നെല്ല് പൂത്ത വയലുകളില്‍ ദൈവക്കരുവായ നമ്പോലന്‍ ... വയലിന് നടുവില്‍ പടര്‍ന്നു പന്തലിച്ച് കിടക്കുന്ന പൊന്നരയാലിനു ചുറ്റും കരിഞ്ചാമുണ്ടി തറ .. നീല വെളിച്ചമൂര്‍ന്ന രാവുകളില്‍ കലശപ്പാട്ടിനു ശേഷം വിടര്‍ന്ന ചന്ദ്രപ്രഭയില്‍ വരവിളിച്ച് പുറപ്പെടുന്ന കരിഞ്ചാമുണ്ടിയമ്മ .. ആലിലകള്‍ക്കിടയിലൂടെ നോക്കിയാല്‍ ദൂരെ മാനത്ത് പൂര്‍ണപ്രഭയില്‍ ചന്ദ്രന്‍ ഉണ്ടാവും .. അന്നേ ദിവസം മാത്രം ..
നാട്ടിപ്പണിക്ക് പോകുന്ന മുത്തശ്ശിമാര്‍ കണ്ടു ഭയന്നിട്ടുണ്ട് അമ്മയെ .. പലവട്ടം ..
തെക്കന്‍ ദിക്കില്‍ പുഴയ്ക്കക്കരെ പഞ്ചുരുളിയമ്മ .. ഇക്കരെ മൂത്ത സഹോദരി കക്കര ഭഗവതി .. മുഖാമുഖം നോക്കിയിരിക്കുന്നു അവര്‍ .. മൂത്തേടത്ത് തന്ത്രിയുടെ താഴെ കക്കരക്കാവില്‍ നിന്നും എളേടത്ത് തന്ത്രിയുടെ മേലെ കക്കരക്കാവിലേയ്ക്ക് ഭഗവതിയുടെ സഞ്ചാരമുണ്ട് രാത്രികാലങ്ങളില്‍ .. എന്റെ മാറും മുലയും തിരുവായുധവും വലിച്ചെറിഞ്ഞു എന്റെ കാളകാട് എന്ന് വിലപിച്ചു കൊണ്ട് നിറപന്തവുമായി ദാരികാന്തകിയായ മഹാകാളി ... കൂടെ ചങ്ങാതി നരമ്പില്‍ ഭഗവതിയും ...
ചീറുംബയും പുതിയവരും നാടെഴുന്നള്ളത്ത് നടത്തുന്ന ഭൂമിക .. കത്തുന്ന പന്തവുമായി കുരുത്തോല കൊണ്ട് വസൂരി തഴുകിയൊഴിപ്പിക്കുന്ന പുതിയ ഭഗവതി .. വസൂരിയുള്ള വീട്ടിലേയ്ക്ക് തീപ്പന്തങ്ങളുമായി ഓടിക്കയറുന്ന രാമപ്പെരുവണ്ണാന്റെ നാഗം താഴ്ത്തിയെഴുതിയെഴുതിയ എകിറ് വച്ച തിരുമുഖം നാട്ടു മുത്തശിമാരുടെ മനസ്സില്‍ ഇന്നുമുണ്ട് ...
അഞ്ചു തെങ്ങിലെ പുലിദൈവങ്ങള്‍ .. പുലിഗര്‍ജനം ഉയരുന്ന പുലിമട .. കൂടെ തുളുനാട്ടില്‍ നിന്നും മലനാട്ടുരാജ്യം കയ്യെടുത്ത കുണ്ടോറ ചാമുണ്ഡിയും കുറത്തിയും ... പാപ്പനോട്ടു മന്ത്രശാലയും നാലുകെട്ടും കരിങ്കുട്ടിച്ചാത്തനും ദൈവത്തറയും ..
മലവാഴുന്ന പെരുമാളുടെ പൊടിക്കളങ്ങള്‍ ... പൊട്ടനുറഞ്ഞാടിയ വയല്‍പരപ്പുകള്‍ ... വടക്ക് കുന്നിന്‍ ചെരുവില്‍ പടക്കത്തി ഭഗവതിയോടൊപ്പം വാനര രാജന്‍ ബാലി .. തൊട്ടടുത്ത് ദൈവമിരുവരും കാവായ കാവുകളില്‍ കുടി കൊണ്ട പരദേവതയും ... പടിഞ്ഞാറന്‍ കുന്നിന്‍ ചെരുവില്‍ ചൂളിയാര്‍ ഭഗവതിയോടൊപ്പം മൂവാളം കുഴി ചാമുണ്ടി .. സമതലങ്ങളില്‍ ആദി തീയ്യനും കേളനും വീരനും തോട്ടുംകര ഭഗവതിയും പുറമണ്‍ചേരിക്കാവില്‍ ഭഗവതിയും ... അല്‍പ്പം തെക്കായി കപ്പലിറങ്ങിയ മരക്കലത്തമ്മമാര്‍ ...
കുളവും കല്‍പ്പടവും തിരുവുത്സവവും ഉള്ള എഴോത്തമ്പലം ... കുറച്ചകലെ മൂത്തേടത്ത് മനയും ഇല്ലത്തെ കുളവും പൊളിഞ്ഞു കിടക്കുന്ന ശങ്കര നാരായണ ക്ഷേത്രവും .. പൊളിഞ്ഞമ്പലത്തിന് ചുറ്റും തുമ്പപ്പൂക്കള്‍ വിടരും .. വെണ്മയുടെ കുഞ്ഞു കാല്പ്പാ ദങ്ങളായ തുമ്പപ്പൂക്കള്‍ ... ഇല്ലപ്പറമ്പില്‍ എവിടെയോ പണ്ടെന്നോ പെരുംകളിയാട്ടം നടന്ന മുപ്പത്തൈവര്‍ തറ .. നടയിലെ കളിയാട്ടം ... മേലെ കക്കരക്കാവിലെന്നോ നടന്ന ഒറ്റക്കോലത്തിന്റെ തീച്ചൂട് ... കനലെരിയുന്ന കാവിന്‍ പുറം ... വടക്കേ ചെരുവിലായ് കിരാതസൂനുവും ചങ്ങാതിയും ... അതിനരികിലായ് വാനരരാജനോടൊത്ത് പടക്കത്തി ഭഗവതിക്കാവുകളീരണ്ട് ...
തലയുയര്‍ത്തി നില്ക്കു ന്ന എട്ടുകെട്ട് .. മന്ത്രധ്വനികള്‍ ഉയരുന്ന മന്ത്രശാല .. വെളിച്ചം കയറാത്ത അകത്തളങ്ങള്‍ .. കാട് കയറിയ പറമ്പ് .. അലഞ്ഞു നടക്കുന്ന ബ്രഹ്മരക്ഷസ്സുകള്‍ ...
തൊട്ടു കിഴക്കായി ചേണിച്ചേരി കോട്ടം .. കാട്ട് ചിറക്കല്‍ ഭഗവതിയും മടയില്‍ ചാമുണ്ഡിയും പരദേവതയും .. അതിനും കിഴക്കായി മുരിക്കിഞ്ചേരി വീട് .. കന്നിക്കൊട്ടിലിലെ നെടും തൂണില്‍ കത്തിച്ച് വച്ച തീനാളം ... സാക്ഷാല്‍ തിരുവര്‍ക്കാട്ട് ഭഗവതിയും വിഷ്ണുമൂര്‍ത്തിയും ഭൈരവാദി മന്ത്രമൂര്‍ത്തികളും കന്നിക്കൊരു മകനും ... ഉച്ചിട്ട ഭൈരവന്‍ കുട്ടിശാസ്തന്‍ .. മന്ത്രശാലയ്ക്ക് സമമായ കൊട്ടിലകം ... എഴോത്ത് കോലപ്പെരുമലയന്മാര്‍ ഉറഞ്ഞാടിയ തിരുമുറ്റവും കാവല്ക്കാരനായി ഇരു കയ്യിലും ചൂട്ടും പിടിച്ച് അട്ടഹസിച്ച് കൊണ്ട് തറവാട്ടു പറമ്പില്‍ അങ്ങിങ്ങായി നടക്കുന്ന ശ്രീഭൂതവും ..
നിറയെ മാവുകളുള്ള പറമ്പ് ... തെക്ക് പടിഞ്ഞാറേ മൂലയ്ക്ക് സര്പ്പക്കാവ് ... പാലമരത്തില്‍ പത്തി വിടര്ത്തി്യാടുന്ന നാഗത്താന്മാര്‍ ... നാഗരാജാവും നാഗകന്നിയും അവിടെയുണ്ടാകാം .. ഉച്ചിട്ടമ്മയുടെ മേലേരിയ്ക്ക് അടുത്തായി നിറയെ ചെമ്പക മരങ്ങള്‍ .. തണല്‍ വിരിച്ചു കൊണ്ട് ഭീമന്‍ പുളിമരങ്ങള്‍ ... അനുഗ്രഹമേകി കൂവളമരം ...
എഴോത്തിനാകെ ഒരു നെല്ല് പൂത്ത മണമാണ് , കൂടെ ചുവന്നു തുടുത്ത ആശയങ്ങളും തെയ്യച്ചുവപ്പും ഗുല്‍മോഹറിതളിട്ട പാതകളും ...