Friday, 1 February 2019

കോട്ടക്കീല്‍ പാലം

കോട്ടക്കീൽ പാലത്തിനു മുകളിൽ കൂട്ടുകാരോടൊത്തിരുന്ന് നാട്ടുവർത്താനം പറയൽ ഒരു അനുഭവം തന്നെയാണ് ... ഒരു പത്തു വർഷം മുൻപ് ആരെങ്കിലും കരുതിയോ കുപ്പം പുഴയ്ക്ക് മീതെ കുത്തിയിരുന്ന് ഇങ്ങനെ ബഡായി അടിക്കാൻ പറ്റുമെന്ന് ... ഇരുകരകളിലും പോയി തട്ടുകടകളിലിരുന്ന് വടക്കൻ ചായ നുണയാമെന്ന് ... വെളുപ്പിന് കുളിച്ചൊരുങ്ങി ഏഴോത്തു നിന്ന് രണ്ടു മിനിറ്റിൽ പട്ടുവം വടക്കേ കാവിലെ ഒറ്റക്കോലം കാണാൻ പോകാമെന്ന് ... പാലത്തിന് മേൽ നിന്നുകൊണ്ട് ഇരുകരകളിലേയ്ക്കും നോക്കുമ്പോൾ എല്ലാം ഒരു സ്വപ്നമായി തോന്നാറുണ്ട് ... ഇരുനാടുകളും ഒന്നായിരിക്കുന്നു .. കോട്ടക്കീൽ കടവിൽ നിരനിരയായ് നിൽക്കുന്ന തെങ്ങുകളും പുഴയും ചെറു കൈവഴികളും പെരിങ്ങീൽ ദ്വീപും മറ്റ് കൊച്ചു കൊച്ചു തുരുത്തുകളും കണ്ടൽക്കാടുകളും കാവുകളും ദേവസങ്കേതങ്ങളുമെല്ലാം ചേർന്ന് ഒരത്ഭുത ലോകം കണ്ണിൽ തെളിയുകയാണ് ... ഒരായിരം കഥകൾ പറയുന്ന ഒരുമയുടെ ലോകം ... പുഴയിലേയ്ക്ക് നൂറു വർണങ്ങൾ വിതറിക്കൊണ്ട് ആകാശമിരുട്ടണയുമ്പോൾ കണ്ണുചിമ്മിത്തെളിയുന്ന നക്ഷത്രങ്ങളേയും നോക്കിയങ്ങനെയിരുന്ന് പറയുന്ന കഥകൾക്കെന്തൊരഴകാണ് ...

No comments:

Post a Comment