ഓരോ പ്രകൃതിയും ഓരോ ഭൂതലങ്ങളും ഓരോ ഋതുക്കളും ഓരോരുത്തരിലും
അനുഭവവേദ്യമാകുന്നത് വിവിധങ്ങളായ മാനങ്ങളിലാണ് ... ചിലർ അവയിലൊക്കെ
ഭൂതകാലങ്ങളെ അനുസ്മരിച്ചെടുക്കുന്നത് കാണാം ... അവർക്ക് ഓരോ കാഴ്ചകളും
ഓർമകൾ ആണ് ... അവർക്ക് സന്തോഷിക്കാൻ ഏറെയൊന്നും വകയില്ല ... അവരുടെ
ക്ഷണികമായ വികാരവിസ്ഫോടനത്തിൽ സന്തോഷവും സങ്കടവും പ്രണയവും നിരാശയുമെല്ലാം
ഒളിമറയുന്നു ... ബാല്യവും കൗമാരവും യൗവനവും മിന്നിമായുന്നു ..
എന്തിരുന്നാലും നഷ്ടബോധങ്ങളുടെ തട്ട് താഴ്ന്നു തന്നെ ഇരിക്കും ..
പെയ്തൊഴിഞ്ഞ മഴയുടെ സൗന്ദര്യത്തേയും പോയ
വസന്തത്തിന്റെ മന്ദഹാസത്തേയും കുറിച്ചവർ വേവലാതിപ്പെട്ടുകൊണ്ടിരിക്കും ...
എന്നാൽ മറ്റ് ചിലരാവട്ടെ പെയ്യാനിരിക്കുന്ന മഴയ്ക്ക് കാതോർക്കും ...
ഉദിച്ചുയരുന്ന സൂര്യനെ നോക്കി പുഞ്ചിരിക്കും .... ആകാശത്തിന്
കണ്ണാടിയെന്നോണം നീലിമ വിരിയിച്ച് കുന്നിൻപുറത്ത് കൂട്ടംകൂടിയിരിക്കുന്ന
കാക്കപ്പൂക്കളെ കണ്ടാനന്ദിക്കും ... അവർക്കെല്ലാം പ്രതീക്ഷയാണ് , അവർക്ക്
ഭൂതകാലങ്ങളില്ല , അവർക്ക് നഷ്ടബോധങ്ങളില്ല ... അവർ ഇല്ലാത്ത ഓർമകളെ
പഴിക്കാറില്ല , സംഭവിക്കാത്ത നിമിഷങ്ങളെ കുറിച്ചോർത്ത് വേദനിക്കാറില്ല ...
പ്രകൃതിയെന്ന മഹാബോധത്തിൽ അവരന്നുമുണ്ട് , ഇന്നുമുണ്ട് ... അനശ്വരമായി നില
കൊള്ളുന്ന പരമാനന്ദബോധം ...
ഉദിച്ചുയരുന്ന സൂര്യനെ നോക്കി പുഞ്ചിരിയ്ക്കാൻ നമുക്കും പഠിക്കാം ... ഓരോ ഉദയവും ഒരോ പുനർജനിയാണ് ...
ഉദിച്ചുയരുന്ന സൂര്യനെ നോക്കി പുഞ്ചിരിയ്ക്കാൻ നമുക്കും പഠിക്കാം ... ഓരോ ഉദയവും ഒരോ പുനർജനിയാണ് ...
No comments:
Post a Comment