Sunday, 30 October 2016

ചാത്തമ്പള്ളി കാവ്


ചാത്തമ്പള്ളി കാവ് ഇന്നും അതിന്റെ പഴമയിലും തനിമയിലും ആണ്. എണ്‍പതുകളെ ഓര്‍മിപ്പിക്കുന്ന നാട്ടിന്‍പുറം. കണ്ടന് കുടികൊള്ളാന്‍ കല്ലുകള്‍ പാകിയ പള്ളിയറ. വലിയ ബഹളങ്ങള്‍ ഒന്നുമില്ലാത്ത കളിയാട്ട കാഴ്ചകള്‍. മനുഷ്യനില്‍ നിന്ന് ദൈവത്തിലേക്ക് കാലം വരവിളിച്ചു. ദൈവമുണര്‍ന്നു. കൊളച്ചേരിയിലെ പാടങ്ങള്‍ക്കിടയിലൂടെ മനുഷ്യനായ് നടന്ന പാദവരികളിലൂടെ കണ്ടന്‍ വീണ്ടും നടന്നു. കരുമാരത്ത് തന്ത്രി മരിച്ചെന്നു വിധിയെഴുതിയ സ്ത്രീയെ കൊലക്കരുത്ത് ചൊല്ലി ജീവിപ്പിച്ച കണ്ടന്‍. അസൂയ പൂണ്ട തന്ത്രിയാല്‍ അരുംകൊല ചെയ്യപ്പെട്ടു ദൈവക്കരുവായ കണ്ടന്‍ . . .
തുലാം ഒന്പതിനു സന്ധ്യ പുല്കിയതോടെ കൊലസ്വരൂപത്തിങ്കല്‍ തായിയുടെ ഇളംകോലം അരങ്ങിലെത്തി. പലവട്ടം ചട്ട മറിച്ച് ഒരു കയ്യില്‍ വാളും പരിചയുമായി ബാല്ല്യരൂപേണ ദേവി വീരഭാവത്തില്‍ നിന്നു. തുടര്‍ന്ന് വിഷകണ്ടന്റെ വെള്ളാട്ടം. ദൈവത്തിന്റെ യൌവനം അതേപടി അരങ്ങില്‍. അതിസുന്ദര രൂപം. പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതിയുണ്ടായി. ഒരു കയ്യില്‍ ചൂരലും മറുകയ്യില്‍ വാളുമായി ഉറച്ച ചുവടുകളോടെ പെരുവണ്ണാന്‍ താളത്തില്‍ കലാശം തുടങ്ങി. ചുറ്റും തിങ്ങിനിറഞ്ഞ ജനങ്ങളെയും ജീവനുറ്റി നില്‍ക്കുന്ന മരച്ച്ചില്ലകളെയും കണ്ടപ്പോ കൊളച്ചേരി എന്തിനെയാണോ കാത്തിരുന്നത് അതെത്തി എന്ന് തോന്നി. പുലര്‍ച്ചെ മൂന്നു മണിക്ക് തണുപ്പും ദൂരവും വകവെയ്ക്കാതെ വീണ്ടും പോയതും ആ ഒരു നിമിഷത്തില്‍ കിട്ടിയ ഊര്‍ജ്ജം കൊണ്ടായിരുന്നു. അഞ്ചു മണിക്ക് അണിയറത്തോറ്റത്തിനോടുവില്‍ ദൈവത്തിന്റെ പുറപ്പാട്. കരുമാരത്ത് തന്ത്രിയാല്‍ അരുംകൊല ചെയ്യപ്പെട്ടു ദൈവക്കരുവായ കണ്ടന്‍. വിഷവൈദ്യ നിപുണന്‍. മാറില്‍ വരച്ച നാഗങ്ങളെ കണ്ടപ്പോള്‍ സന്തോഷേട്ടനോടു ബഹുമാനം തോന്നിപ്പോയി. അതിമനോഹരം. അണിയറയില്‍ നിന്ന് പുറത്തേക്ക് വന്നത് ഒരു ഗന്ധര്‍വരൂപം. ദൈവക്കരു. അടിച്ചമര്‍ത്തപ്പെട്ടവന്റെ വിജയം. കത്തിച്ചു വച്ച വിളക്കില്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പിലെ തീയാളുന്ന പോലെ തോന്നി. വിളക്കിനും കളിയാംവള്ളിക്കും ചുറ്റും ദൈവത്തിന്റെ വടക്കേന്‍ ഭാഗം കലാശം. തുടര്‍ന്ന് തന്റെ ഇന്നത്തെ സന്തതിപരമ്പരയെ കലാശത്തോടെ ആശ്ലേഷിച്ചു. ശേഷം ദൈവത്തിനെ പീഠത്തില്‍ കയറ്റി വരവിളിക്കല്‍. ആചാരപ്പെട്ടവര്‍ ദൈവത്തെ സ്തുതിച്ചു പാടി വരവിളിച്ചു. പീഠത്തില്‍ നിന്നിറങ്ങിയ ശേഷം മുന്പുസ്ഥാനം ചൊല്ലി. ജലക്കരുത്തും കൊലക്കരുത്തും ഇന്ദ്രജാലവും മഹേന്ദ്രജാലവും പഠിച്ച കഥ പറഞ്ഞു. കഥ മുഴുവന്‍ പറയുന്നതിനിടെ വിഷം തീണ്ടിയ സ്ത്രീയെ കൊലക്കരുത്ത് ചൊല്ലി ജീവിപ്പിച്ച കുളത്തിന്റെ ഇന്നത്തെ ജീര്‍ണാവസ്ഥയെക്കുറിച്ച് ദൈവം പരിതപിച്ചു. കാണാന്‍ എത്തിയ പൈതങ്ങള്‍ക്ക് ദൈവം മഞ്ഞള്‍ക്കുറി കൊടുക്കാന്‍ തുടങ്ങി. ചുറ്റുമതിലില്‍ ഇരുന്നുകൊണ്ട് കല്ലുപാകിയ ആ പള്ളിയറ നോക്കി. കണ്ടന് കൊളച്ചേരിക്കാര്‍ വച്ചു കൊടുത്ത വീട്.ചെമ്പടിച്ച ശ്രീകോവിലുകളേക്കാള്‍ ഭംഗിയുണ്ടതിന് ... ദൈവക്കരു കുടി കൊള്ളുന്ന കാവ്. കാലത്തിന്റെ നീതിനിര്‍വഹണം. വയലുകളും കുന്നിന്‍പുറങ്ങളും കുളങ്ങളും കവുങ്ങിന്‍ തോപ്പുകളും നിറഞ്ഞ ഒരു നാട്ടില്‍ കാലമെഴുതിയ ഇതിഹാസം . . .


പാടിയില്‍ കോട്ടത്തെ കരിംചാമുണ്ടിയമ്മ


തുലാം പത്തിന് ഉച്ച തിരിഞ്ഞപ്പോള്‍ പയ്യന്നൂര്‍ ഗ്രാമത്തിന്റെ വടക്കേ അറ്റത്ത്‌ പാടങ്ങള്‍ക്കു നടുവിലായി പാടിയില്‍ കോട്ടത്ത് കരിംചാമുണ്ടി അമ്മയുടെ പുറപ്പാട് . . . ഇരുകൈകളും കൂപ്പിക്കൊണ്ട്‌ എന്തോ നിശ്ചയിച്ചുറപ്പിച്ച മുഖഭാവത്തോടെയുള്ള ആ വരവ് . . . കണ്ണുകള്‍ക്കും ചുണ്ടിനും ചുറ്റും വെള്ള വൃത്തങ്ങള്‍ വരച്ചു കടും ചുവപ്പ് കൊണ്ട് മുഖമെഴുതി കുരുത്തോല ഒലിയും ഓലത്തലപ്പാളി പട്ടവുമായി ദേവി പള്ളിയറയ്ക്ക് നേരെ നടന്നു വരികയാണ് . . . വരവിളിച്ച് പീഠത്തില്‍ ഇരുന്ന ശേഷം ദേവി ഉടയിലേയ്ക്ക് കയറിപ്പറ്റുന്നത് തന്നെ കാണേണ്ട കാഴ്ചയാണ്. വയലില്‍ നിന്നും വരുന്ന ഇളംചൂടുള്ള ഉച്ചക്കാറ്റിനൊപ്പം എന്തും സംഭവിക്കാമെന്നുള്ള ഭയത്തില്‍ കാഴ്ചക്കാര്‍. ദൈവം ഉറഞ്ഞ ഉടനെ ചാടിവീണതു വാദ്യക്കാരുടെയും കര്‍മിമാരുടേയും ദേഹത്തേയ്ക്ക്. . . രൌദ്രഭാവം പൂണ്ട ദേവി കാഴ്ചക്കാരില്‍ ഒളിഞ്ഞിരിക്കുന്ന സ്ത്രീജനങ്ങളെ തിരഞ്ഞു . . സ്ത്രീകളോട് ദേവിയുടെ കണ്‍വെട്ടത്ത് നിന്ന് മാറിനില്‍ക്കാന്‍ സഹായികള്‍ അഭ്യര്‍ത്ഥിച്ചു  കൊണ്ടിരുന്നു . . . ഓരോ നിമിഷവും ഞാന്‍ ശ്വാസമടക്കിപ്പിടിച്ചിരിക്കുകയായിരുന്നു . . . ദേവിയുടെ കൊട്ടും കലാശവും അത്രയേറെ വൈവിധ്യമുള്ളതാണ്. ചണ്ടമുണ്ടന്മാരെ നിഗ്രഹിച്ച കാളമേഘക്കരി പൂണ്ട കാളിയാണെങ്കിലും യക്ഷീസങ്കല്‍പ്പവും ഉണ്ട്. . .
       തെയ്യം കെട്ടില്‍ പത്തില്ലക്കാരുടെ അര്‍പ്പണബോധവും പൂര്‍ണതയും എടുത്തു പറയേണ്ടതാണ്. കോലക്കാരിലായാലും വാദ്യത്തിലായാലും അത് പ്രകടമാണ്. ഒന്നിലും വിട്ടുവീഴ്ചയില്ല. കരിംചാമുണ്ടിയെന്നാല്‍ കരിംചാമുണ്ടി തന്നെ ആവുകയാണ് പുത്തൂരാന്‍. സോമേശ്വരിയുടെ പുറം കാവല്‍ക്കാരി .. നീരിയോട്ട് സ്വരൂപത്തിന്റെ ധര്‍മദൈവം .. പായത്ത് ഒമ്പതാളിലെ ഉഗ്രരൂപം .. ശ്രീ പായത്ത് കരിംചാമുണ്ടിയമ്മ ...

Monday, 22 February 2016

ശേഷം

കരിനീല നയനങ്ങൾക്കുള്ളിലായെന്നുടെ
മിഴിവെട്ടമുണ്ടാകുമെന്നും
പനിനീർ ചുവപ്പെഴും ചുണ്ടിണയ്ക്കുള്ളിലെൻ
നിശ്വാസമുണ്ടാകുമെന്നും  
കറുകൂന്തൽ ചുറ്റിലെ തുളസിത്തലപ്പിലെൻ
കരസ്പർശമുണ്ടാകുമെന്നും
കുളുർനെറ്റിയിൽ ചേർന്ന കളഭാമൃതത്തിലെൻ
വിരൽത്തുമ്പിളവേൾക്കുമെന്നും

ഇനിയില്ല ഞാനെന്നു പലരും മൊഴിയവെൻ
കരതലം നിന്നെ തലോടും
തനിയെയെന്നോർത്ത് നിൻ മിഴികളിൽ ജലകണം
പൊടിയുമ്പോൾ ഞാനോടിയെത്തും
അരികിലായ് ഞാൻ വന്നു നിൽക്കവേ എന്നെ
നീയറിയാതെ വീണ്ടും വിതുമ്പും
മിഴിനീരു പോലും തുടയ്ക്കുവാനാകാതെ
വെറുതേയടുത്തു ഞാൻ നിൽക്കും

ഋതു മാറി വിരിയുന്ന തൊടിയിലെ മലരുകൾ
കൊഴിയവേ ഞാനും വിരിയും
പൂവാങ്കുരുന്നിലയോരത്തിരുന്നു ഞാൻ
ഹരിതാഭമായി വിളങ്ങും
തോപ്പിലെ തൈമാവിൻ ചോട്ടിലായ് നിന്നെ ഞാൻ
കുഞ്ഞിളംകാറ്റായ് തഴുകും
മുറ്റത്തിറങ്ങവെ നിൻ കുളുർനെറ്റിയിൽ
ചെറുമഴത്തുള്ളിയായണയും

പടിവാതിൽ ചാരിയ പകലുകൾ രാവുകൾ
പലതങ്ങ് മാറി നിറയും
പല മഴക്കാലങ്ങൾ നിറവെയിൽ നേരങ്ങൾ
ഉപവസന്തങ്ങൾ മറയും
മറവിയിൽ ഞാൻ മെല്ലെ നിലതെറ്റി വീഴവെ
കനവിലായ് നിന്നെപ്പുണരും
അറിയില്ല നീയെന്നെ അരികിലിരിക്കിലും
അകലത്തു നോക്കി വിതുമ്പും 

Monday, 25 January 2016

അരികെ

ഒരുനാൾ നീയെന്നരികിലെത്തും
മൃദു സ്മേരങ്ങൾ തൂകിയണയും
പിന്നെ കൈവിരലുരുമ്മി നില്ക്കും
പറയാൻ വിങ്ങലിൽ മൊഴിയറിയാതെ
മിഴികളിൽ ദൃഷ്ടി എറിയും
എൻ മിഴികളിൽ നനവ്‌ഏറും മുൻപേ
നിൻ കപോലങ്ങൾ ജലകണം അണിയും
പിന്നെ നിന്നധരങ്ങളിൽ  കാണും
പ്രശോഭിത നിറചിരി ആയ് മാറും
ആ വസന്തം എൻ മലർവാടിയും അണയും
മന്ദം മാറിൽ നീ ശിരസ്സാഴ്ത്തും
നിൻ  മുടിയിഴകൾ എൻ മുഖമണയും
നിൻ തുടിപ്പുകളെൻ സിരയറിയും
എൻ നെഞ്ചിൻ സ്പന്ദനങ്ങൾ
നിൻ മനമൊട് ചേരും
അരികത്തായ് നാമലിഞ്ഞുതീരും
അകലത്തെയ്ക്കൊന്നായ് അണയും

മോഹം

നീ അറിഞ്ഞ ഇന്നലെകൾ മിഥ്യയായിരുന്നുവോ
സത്യമേതെന്നറിഞ്ഞ നിമിഷം നിനവിൽ മരിച്ചു നീ
നീർക്കുമിള പോൽ മോഹം മൃത്യുവടഞ്ഞു പോയ്‌
എങ്കിലും മരിക്കില്ല നീ ഉയിർ വാഴും ധീരമായ്
മോഹ മോഹഭംഗങ്ങൾ ഒരേ തൂവൽപ്പക്ഷികൾ
ഒന്നില്ലാതെ മറ്റൊന്നമരനല്ല
അറിഞ്ഞ സത്യം ഇതാണ് തോഴാ
ഇനിയീഉലകത്തിൽ നീ ജയിച്ചു വാഴൂ ...