അങ്ങനെ അവസാനത്തെ സ്പന്ദനവും നിലച്ചു ... വയസ്സ്
പത്ത് മുപ്പത് കഴിഞ്ഞേയുള്ളൂ ... റോഡരികില്‍ അവന്‍ മരിച്ചു വീണു ...
മരിക്കാനുണ്ടായ കാരണത്തെ പറ്റി അവനു വലിയ നിശ്ചയമില്ല ... എന്നത്തെയും പോലത്തെ ഒരു
സുദിനത്തില്‍ ഒഴുകി നടന്നവന്‍ ... പെട്ടെന്ന് മരിച്ചു പോയി ... ആള്‍ക്കാര്‍ എന്തൊക്കെയോ വിളിച്ചു
കൂവുന്നുണ്ടായിരുന്നു ... എന്തോ ആരോ ഗോള്‍ അടിച്ച പോലെ ... ചുറ്റും ഒരു ഗ്യാലെറി
പോലെ അവനു തോന്നി ...
അവന്‍
കണ്ണ് തുറക്കാതെ നോക്കി ... എവിടെ യമന്‍ ... ആളെ കാണുന്നില്ലല്ലോ ...
ചിത്രഗുപ്തനുമില്ല ... അയാള്‍ മരക്കൂട്ടങ്ങള്‍ക്കിടയില്‍ മറഞ്ഞു നില്‍പ്പുണ്ടാവും
... കണക്കെഴുതാനൊന്നും പഴയ പോലെ താല്‍പ്പര്യം കാണില്ല ... കലിയുഗം അല്ലെ ...
എഴുതിയെഴുതി മടുത്തു കാണും ... പ്രത്യേകിച്ചും തന്റെയൊക്കെ കണക്കുകള്‍ ...
പോത്ത് ... പോത്തെവിടെ? ... റോഡിനങ്ങേക്കരയില്‍
പുല്ലു മേയുകയായിരുന്ന പശുവിനെയല്ലാതെ വേറൊരു നാല്‍ക്കാലിയേയും അവനു കാണാനായില്ല
...
... കൊമ്പന്‍ മീശയും പിരിച്ചു മുണ്ടും
മാടിക്കെട്ടി ബീഡി വലിച്ചു നടന്നു പോകുന്ന കണാരേട്ടനെ കണ്ട് ഒരു നിമിഷം അവന്‍
തെറ്റിദ്ധരിച്ചു ... കയ്യില്‍ ഒരു കാലന്‍ കുടയും ഉണ്ടായിരുന്നു ... കാലന്‍ ...
ഇങ്ങനൊരു സംഭവം നടന്നതിന്റെ കൂസലൊന്നും അങ്ങേര്‍ക്കില്ല
... ഈശ്വരാ .. ഇങ്ങേരുടെ കടയില്‍ നിന്നല്ലേ ദിവസവും ചായ കുടിക്കുന്നത് ... എന്നിട്ടൊരു
മൈന്‍ഡും ഇല്ലല്ലോ .... ഇന്നലത്തെ പത്തു ചില്ലറപ്പൈസ ബാക്കി തരാനുണ്ട് ... ഇനി അത്
ലാഭിച്ചതിന്റെ സന്തോഷം ആണോ ...
അതാ ... നമ്മടെ കുട്ടപ്പന്‍ ... വകയിലെ ഒരു
ചെങ്ങായി ... കാണുമ്പോ കാണുമ്പോ സെല്‍ഫി എടുക്കും .. ഇവന്‍ ഇപ്പഴും സെല്‍ഫി
എടുക്കുവാണ് ... നൊടിയിടയില്‍ ഫേസ്ബുക്കില്‍ പോസ്റ്റും ചെയ്തു ... ഒരു അനുശോചന
കുറിപ്പും ... അവനു ആ സ്റ്റാറ്റസ് ലൈക് ചെയ്യണം എന്ന് തോന്നി ... ഒരു നന്ദി
സന്ദേശം കൊടുക്കണം എന്നും ... എന്ത് കാര്യം നടന്നാലും സോഷ്യല്‍ മീഡിയ വഴി നാലാളെ
അറിയിച്ചില്ലെങ്കില്‍ ഒരു ഇരിക്കപ്പൊറുതി ഇല്ല ...
അവനു വിഷമം തോന്നി ... തന്റെ ഫേസ്ബുക്ക്
ഉപയോഗിക്കാന്‍ കഴിയുന്നില്ല .. യമനെ കണ്ടെങ്കില്‍ അങ്ങേരുടെ ഐഡി ചോദിക്കായിരുന്നു
... ചിത്രഗുപ്തന്റെ ആയാലും മതി ...
അവന്‍ ഉയര്‍ന്നു പോവുകയാണ് ... തന്നെ ഓര്‍ത്ത്
വിഷമിക്കുന്നവരെ കാണുമ്പോ അവനു സങ്കടം വന്നു ... ഇവര്‍ എന്തിനാണ് കരയുന്നത് ...
രണ്ടവസ്ഥകളും തമ്മില്‍ അവനു ഭേദം തോന്നിയില്ല ... ഒരു ഒഴുക്കാണ് ഇപ്പോള്‍ ... എല്ലാം
കാണുന്നു , കേള്‍ക്കുന്നു ...
റോഡ്‌സൈഡില്‍ ഇരുന്നു തന്നെ ഓര്‍ത്ത് വിഷമിക്കുന്നവര്‍
പക്ഷെ അങ്ങനെ വിഷമിച്ചോണ്ട് ഇരിക്കുവാണല്ലോ ... ആരും അനങ്ങുന്നില്ല ... ഒന്ന്
താലൂക്കാശുപത്രി വരെ എത്തിച്ചിട്ട് വെഷമിച്ചാല്‍ പോരെ എന്ന് അവനു ചോദിക്കാന്‍
തോന്നി ...
കൂട്ടത്തില്‍
മധ്യവയസ്സുള്ള ഒരു മാമന്‍ പറഞ്ഞോണ്ടിരിക്കുന്നുണ്ടായിരുന്നു ... ‘ നല്ല പയ്യന്‍ ആയിരുന്നു
... തങ്കപ്പെട്ട സ്വഭാവം ’ ... അതിനു ഇയാളെ താന്‍ കണ്ടിട്ട് പോലുമില്ലല്ലോ ...
തന്റെ സ്വഭാവ മാഹാത്മ്യത്തെ പുകഴ്ത്തുന്നത് കേട്ട് കേട്ട് അവനു തരിച്ചു വന്നു
... അയാളുടെ വെള്ളത്താടി പിടിച്ചു
വലിക്കാന്‍ തോന്നി ...
അതാ റോഡിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ സ്ലോ
ചെയ്യുന്നു ... കൊറേ തലകള്‍ വിന്‍ഡോയിലൂടെ പുറത്തേയ്ക്ക് നീളുന്നു ... തലകള്‍
മാത്രം .... കയ്യും കാലും പുറത്തേയ്ക്ക് വരുന്നില്ല ...
കൂടി നില്‍ക്കുന്ന ചില ആള്കാര്‍ക്ക് മരിച്ചോ
ഇല്ലയോ എന്ന് സംശയം ... അവര്‍ അതിനെ ചൊല്ലി ഒരു സംവാദം നടത്തി ... ഫേസ്ബുക്കിലും അതിന്റെ
ഒരു ഉപസംവാദം നടക്കുകയാണെന്ന് തോന്നുന്നു ... കൊള്ളാം
... ആര്‍ക്കും ഇന്നത്തെ ലോകത്ത് സമയം ഇല്ല പോലും
... ഈ ടൈപ്പ് ചെയ്ത് കളയുന്ന സമയം തന്നെ ഒരു കാലവര്‍ഷത്തിനുള്ളതുണ്ടല്ലോ ...
ഇതൊക്കെ ആകാശത്ത് നില്‍ക്കുമ്പഴെ അറിയാന്‍ പറ്റുന്നുള്ളൂ ... അവന്‍ തല ചൊറിഞ്ഞു
...
ചില ആള്‍ക്കാര്‍ക്ക് അറിയേണ്ടത് മരണകാരണം ആണ് ...
നിപ്പ വൈറസ് എന്ന് വരെ പറയുന്നു ചിലര്‍ ... അറ്റാക്ക് ... സ്ട്രോക്ക് ...
തലേന്നത്തെ ഹാങ്ങ് ഓവര്‍ ... ലിസ്റ്റ് അങ്ങനെ നീണ്ടു പോയി ... ഇതെല്ലാം കൂടി
ഒരുമിച്ചു വന്നോ ... അവന്‍ ശങ്കിച്ചു ...
മനുഷ്യന്റെ കാര്യം ഇത്രേയുള്ളൂ ... ഒരു വല്യമ്മ
അതും പറഞ്ഞു നടന്നു പോയി ... അവന്‍ പല്ല് കടിച്ചു ... ഈ ഡയലോഗ് ഒക്കെ എത്ര വട്ടം
കേട്ടതാ ...
ആകാശത്ത് മഴമേഘത്തിന്റെ മുകളില്‍ ഇരുന്നവന്‍
കാത്തിരിപ്പ് തുടങ്ങി .... താലൂക്കാശുപത്രിയിലേയ്ക്കുള്ള ശകടവും വരുന്നില്ല യമന്റെ
പോത്തും വരുന്നില്ല ... പോത്തേതായാലും പറന്നു വരില്ല ... പിന്നെ യമന്‍ എങ്ങനെ ആണോ
എന്തോ നരകത്തില്‍ നിന്ന് വരുന്നത് ... അവന്‍ ത്രിശങ്കുവിലായി ...
ആകാശത്തില്‍ ഇരുന്നു നോക്കുമ്പോ താഴ്വാരം മുഴുവന്‍
ഫേസ്ബുക്ക് പോസ്റ്റുകള്‍ തെളിഞ്ഞു കാണാമായിരുന്നു ... അതില്‍ അവന്റെ ജാതി മത രാഷ്ട്രീയ
കുടുംബ ചരിത്ര പൂര്‍വ സംസ്കൃതികളെല്ലാം അക്ഷരങ്ങളായി നൃത്തം ചെയ്യുന്നു ... ഇവര്‍ക്കൊന്നും
വേറെ പണി ഒന്നുമില്ലേ ... ആകാശത്ത് ജാതിയുമില്ല മതവുമില്ല വംശവും വര്‍ഗ്ഗവും വര്‍ണവുമില്ല
... സൂര്യന്‍ തരുന്ന ചില നിറങ്ങള്‍ മാത്രം ... അത് സമയചക്രത്തിന് അനുസരിച്ച്
സ്വീകരിക്കപ്പെടുന്നു ... തിരസ്കരിക്കപ്പെടുന്നു .. പിന്നെ കാറ്റും മഴയും
മഴമേഘങ്ങളും ... അവര്‍ ഒത്തു ചേര്‍ന്ന് പോകുന്നു
... ഈ മനുഷ്യ ജന്മങ്ങള്‍ക്ക് മാത്രം എന്തൊക്കെ ചട്ടങ്ങളാണ് ...
മഴമേഘത്തിന്റെ പുറത്ത് അവന്‍ അമര്‍ന്നിരുന്നു ...
ഇനി ഇപ്പൊ മഴ കൂടി പെയ്താ ക്ലൈമാക്സിനു ഒരു സിനെമാറ്റിക്ക് ലുക്ക് കിട്ടും ...
ദുരന്തങ്ങള്‍ കഥകളായി എഴുതുന്നവര്‍ക്ക് കുശാല്‍ ... നല്ലവണ്ണം
പൊലിപ്പിച്ചങ്ങെഴുതാം ... പ്രകൃതി പോലും കരഞ്ഞു എന്നൊക്കെ ... വായിക്കപ്പെട്ട്
ആരാധകരെയും സമ്പാദിക്കാം ... സ്വന്തമെന്ന് കരുതുന്നവര്‍ക്ക് വിഷമം ഉണ്ടാകുമെന്നല്ലാതെ
...
മഴയ്ക്ക് ഇതൊക്കെ കേട്ട് ചിരി വന്നു ... ഞാന്‍
പെയ്യുന്നില്ല ... അത് ചിരിയടക്കിപ്പിടിച്ചോണ്ട് പറഞ്ഞു ...
ദൈവത്തിനെ കാണാന്‍ പറ്റുമോ ... അവന്‍ മഴയോട്
ചോദിച്ചു ... മഴ പറഞ്ഞു ... ദാ താഴേയ്ക്ക് നോക്ക് , ആ കൂട്ടത്തിലൊന്നും ദൈവം ഇല്ല
... നീ നിന്റെ ഉള്ളിലേയ്ക്ക് നോക്ക് , ചെറുതായി അവിടെ ഒളിവളരുന്നുണ്ട് ... ചെറുതായി
മാത്രം ... അത് അവിടെയും ഇവിടെയും ഒക്കെയായി ഉണ്ടാവും ... ചികഞ്ഞെടുക്കണം ...
അവന്‍ ദൂരേയ്ക്ക് നോക്കി പുഞ്ചിരിച്ചു ... മഞ്ഞ്
മൂടിയ മലനിരകള്‍ക്കപ്പുറം മഴവില്ല് കാണുന്നു ... മഴവില്ല് ... ബാല്യത്തില്‍ അറിഞ്ഞ
ആദ്യ അത്ഭുദങ്ങളില്‍ ഒന്ന് ... മഴവില്ലിനപ്പുറം നന്മമരങ്ങളെ കാണുന്നു ... ഇപ്പുറം
നന്മയില്ലാത്ത മരങ്ങളും ... അത്ഭുദങ്ങളില്‍ , ഭ്രമങ്ങളില്‍ വീണു പോയപ്പോള്‍ വരഞ്ഞ
അതിര് ... ചിലപ്പോഴൊക്കെ ആ അതിര് കടന്നു പോവാറുണ്ട് , പെട്ടെന്ന് തന്നെ തിരിച്ചു പോരാറുമുണ്ട്
... പുറം മോടി കണ്ട് മോഹങ്ങള്‍ തീര്‍ത്ത മതിലാണ് ... അകപ്പൊരുള്‍ അറിയാതെ വിട്ട
വഴികളില്‍ തീര്‍ത്ത മതിലുകള്‍ ...
ഫിലോസഫി അധികം പറയണ്ട ... മഴ ചൊടിച്ചു ...
താഴെ നീ
കിടക്കുന്നത് പോലെ മറ്റൊരുത്തന്‍ കിടന്നെങ്കില്‍ നീ എന്ത് ചെയ്യുമായിരുന്നു ? ...
മഴയുടെ ചോദ്യം ...
ഞാന്‍ രക്ഷിക്കുമായിരുന്നു ... അവന്‍ പെട്ടെന്ന്
മറുപടി പറഞ്ഞു ...
അതിപ്പോ ഇവിടെ എത്തിയ ശേഷം ഉണ്ടായ തോന്നല്‍ അല്ലെ
... ആ ഒരവസ്ഥയിലൂടെ കടന്നു പോയപ്പോ ഉണ്ടായ തിരിച്ചറിവ് ...
അല്ല എന്ന് പറയാന്‍ അവനു തോന്നിയില്ല ... താനും
അങ്ങനെ തന്നെയായിരുന്നു ...
ദൂരെ കിഴക്കന്‍ മല കണ്ടു .... അവിടെ കുഞ്ഞുമാലാഖമാര്‍
പറന്നിറങ്ങുന്നുണ്ടായിരുന്നു ... പ്രതീക്ഷയുടെ തിരിനാളം ... പ്രതീക്ഷയും മോഹവും
രണ്ടാണ് ... രണ്ടാത്തേതിന് അത്ര പാങ്ങില്ല ...
നീ താഴേയ്ക്ക് പൊയ്ക്കോ ... മഴ മൊഴിഞ്ഞു ..
മഴ അവനെ കുടഞ്ഞെറിഞ്ഞു ... മഴമേഘത്തില്‍ നിന്ന്
അവന്‍ താഴേയ്ക്ക് പതിച്ചു .... കൂടെ മഴയും വീണു ... തണുത്തു മരവിച്ചു തുടങ്ങിയ
മുഖത്തേയ്ക്ക് മഴത്തുള്ളികള്‍ വന്നു വീണു ...
കൂടി നിന്നവരെ വകഞ്ഞു മാറ്റി കൊണ്ട് ഒരാള്‍
അകത്തേയ്ക്ക് വന്നു ... അയാള്‍ അവന്റെ തണുത്ത കൈകള്‍ പിടിച്ച് അവനെ താങ്ങിയെടുത്ത്
ആശുപത്രിയിലേയ്ക്ക് കുതിച്ചു ...
അവന്‍ കണ്ണ് തുറക്കാതെ തന്നെ അവനെ നോക്കി ...
ആരാണിയാള്‍ ...
ഒരു അപരിചിതന്‍ ... തന്റെ പ്രായമുള്ള ഒരു യുവാവ്
... എന്തിനയാള്‍ തന്നെ താങ്ങിയെടുത്തു ... തന്റെ മതക്കാരനായത് കൊണ്ടോ തന്റെ
ജാതിക്കാരനായത് കൊണ്ടോ തന്റെ രാഷ്ട്രീയ ആദര്‍ശം ഉള്ളയാളായത് കൊണ്ടോ ...
അല്ല ... ഒരു മനുഷ്യനായത് കൊണ്ട് ... അയാള്‍
പറയാതെ പറഞ്ഞു ...
ഫേസ്ബുക്കില്‍ ചര്‍ച്ചകള്‍ അപ്പഴും കൊടുമ്പിരി
കൊണ്ടു ... അവനെ താങ്ങിയെടുത്തയാളുടെ മനുഷ്യത്വത്തില്‍ ഉപരി മതവും ജാതിയും തിളങ്ങി
നിന്നു ... ചിലര്‍ മതമൈത്രി തുളുമ്പുന്ന
കവിതകളും രചിക്കയുണ്ടായി ...
അവനു ചിരിക്കാന്‍ തോന്നി ... എന്തത്ഭുദം ... ഒരു
മനുഷ്യനും മറ്റൊരു മനുഷ്യനും ആണ് ... വെറും മനുഷ്യര്‍ ... ഇതൊക്കെ പണ്ടും
നടക്കാറുള്ളതാണ് ... സോഷ്യല്‍ മീഡിയയിലേ ഉള്ളൂ ഇത്തരം വേര്‍തിരിവുകള്‍ ... പുറത്ത്
എല്ലാവരും മനുഷ്യരാണ് ...
സോഷ്യല്‍ മീഡിയ എന്ന മായാലോകത്തിലെ ജീവിതം ...
സര്‍വം മായ ... മിഥ്യ ... ആ ലോകത്തിലെ നായകര്‍ സത്യത്തില്‍ ഭീരുക്കളും ... യഥാര്‍ത്ഥ ലോകത്തിനു സമാന്തരമായി സൃഷ്‌ടിച്ച
മറ്റൊരു ലോകം ... എല്ലാവരും നിദ്ര പൂണ്ട ലോകം ... സ്വപ്നസമാനമായ പുലമ്പലുകള്‍
വാക്കുകളായി പിറവി കൊള്ളുന്ന ഇല്ലാത്ത ലോകം ... പറയുന്നതില്‍ മിക്കതും
പച്ചക്കള്ളവും ... ആ ലോകത്തിലും നന്മ നിറഞ്ഞ ചില കോണുകള്‍ ഉണ്ടെന്നിരിക്കെയും
പരസ്പര വിദ്വേഷത്തിന് വളം വയ്ക്കുന്ന മൊഴികളാണ് ഏറിയ പക്ഷവും ...
ആശുപത്രി മുറിയില്‍ എത്തി ... ഡോക്ടര്‍മാര്‍ ചില
ക്രിയകള്‍ നടത്തി ... കൊണ്ട് വന്നയാള്‍ പുറത്ത് ഇരിക്കുന്നുണ്ടായിരുന്നു ...
എവിടുന്നൊക്കെയോ പണം സംഘടിപ്പിച്ചു അയാള്‍ ... സ്വന്തം സഹോദരനെന്ന പോല്‍ അയാള്‍ ദയ
കൊണ്ട് വീര്‍പ്പുമുട്ടിച്ചു അവന്റെ ആത്മാവിനെ ..
താഴ്ന്നു പറന്നിറങ്ങിയ അവന്റെ ആത്മാവ് ആശുപത്രി
മതില്‍ ചാടിക്കടന്ന് അകത്തേയ്ക്ക് കുതിച്ചു ... വഴിയില്‍ വച്ച് കണ്ടു മുട്ടിയ
പോത്തിന്റെ മുകളില്‍ ഒരാള്‍ ഇരിപ്പുണ്ടായിരുന്നു ... അവന്‍ ഒരു നിമിഷം തരിച്ചു
നിന്നു ...
അയാള്‍ പതിയെ ചിരിച്ചു ... കൊമ്പന്‍ മീശ തടവി ...
അവന്‍ ചോദിച്ചു ..
എനിക്ക് വേണ്ടി വെയ്റ്റിംഗ് ആണോ ?
അയാള്‍ കുമ്പ കുലുക്കി പൊട്ടിച്ചിരിച്ചു ...
അയാള്‍ കരുണയോടെ പറഞ്ഞു ... അല്ല കുട്ടി ... വേറൊരാള്‍
ഉണ്ട് ... ഇപ്പൊ വരും ..
അപ്പോ ഞാനോ ... അവന്‍ കൌതുകം പൂണ്ടു ..
നിന്റെ സമയം ആയിട്ടില്ല ... ഇത് നിന്റെ തിരിച്ചറിവിന്റെ
സമയം ആണ് ... പെട്ടെന്ന് ഓടിപ്പോയ്ക്കോ ... അയാള്‍ കല്‍പ്പിച്ചു ..
അവന്‍ ഓടി ... എല്ലാ ചുമരുകളിലും കയറിയിറങ്ങി
കട്ടിലിലെ തണുത്ത ശരീരത്തിലേയ്ക്ക് വീണു ... നിലച്ച സ്പന്ദനം ഉയിര്‍ത്തു ...
ശരീരത്തിന് ചൂട് വന്നു തുടങ്ങി ... അത്ഭുദമെന്നോണം വൈദ്യന്‍മാര്‍ നോക്കി നിന്നു
...
പതിയെ കണ്ണ് തുറന്നു ... പുറത്ത് വ്യാകുലനായി
ഇരിക്കുന്ന സഹോദരനെ മാടി വിളിച്ചു ... അവന്‍ ഓടിയെത്തി ... എന്നിട്ടവന്റെ ചെവിയില്‍
മൊഴിഞ്ഞു ...
ആകാശത്തിരുന്ന എന്നെ ഭൂമിയിലെത്തിച്ചത് നിങ്ങളാണ്
... നമുക്ക് ദൂരെ ദൂരെ ഒരു യാത്ര പോണം . . .കിഴക്കന്‍ മലയിലേയ്ക്ക് . . .
മേഘത്തുണ്ടുകള്‍ കൂട്ടി മുട്ടുന്നിടത്ത് . . . മാലാഘമാര്‍ പറന്നിറങ്ങുന്ന കുന്നിന്‍പുറത്തേയ്ക്ക്
. . . മൂടല്‍ മഞ്ഞ് കനം കൂടി വരുന്ന വൈകുന്നേരത്ത് . . . മനസ്സുകള്‍
വേലിക്കെട്ടുകള്‍ തീര്‍ക്കാത്ത തെളിഞ്ഞ മാനം കാണാന്‍ . . . ഇരുളുന്ന വാനത്തിലെ നക്ഷത്ര വിളക്കുകള്‍ക്ക് തിരി കൊളുത്താന്‍ . .
. പടിഞ്ഞാറന്‍ കുന്നിലെ സൂര്യനോട് വിട ചൊല്ലാന്‍ . . . ചുവന്ന താഴ്വാരത്തെ നോക്കി
പുഞ്ചിരിയ്ക്കാന്‍ . . .
No comments:
Post a Comment