തുലാം പത്തിന് ഉച്ച തിരിഞ്ഞപ്പോള്‍ പയ്യന്നൂര്‍ ഗ്രാമത്തിന്റെ വടക്കേ അറ്റത്ത് പാടങ്ങള്‍ക്കു നടുവിലായി പാടിയില്‍ കോട്ടത്ത് കരിംചാമുണ്ടി അമ്മയുടെ പുറപ്പാട് . . . ഇരുകൈകളും കൂപ്പിക്കൊണ്ട് എന്തോ നിശ്ചയിച്ചുറപ്പിച്ച മുഖഭാവത്തോടെയുള്ള ആ വരവ് . . . കണ്ണുകള്‍ക്കും ചുണ്ടിനും ചുറ്റും വെള്ള വൃത്തങ്ങള്‍ വരച്ചു കടും ചുവപ്പ് കൊണ്ട് മുഖമെഴുതി കുരുത്തോല ഒലിയും ഓലത്തലപ്പാളി പട്ടവുമായി ദേവി പള്ളിയറയ്ക്ക് നേരെ നടന്നു വരികയാണ് . . . വരവിളിച്ച് പീഠത്തില്‍ ഇരുന്ന ശേഷം ദേവി ഉടയിലേയ്ക്ക് കയറിപ്പറ്റുന്നത് തന്നെ കാണേണ്ട കാഴ്ചയാണ്. വയലില്‍ നിന്നും വരുന്ന ഇളംചൂടുള്ള ഉച്ചക്കാറ്റിനൊപ്പം എന്തും സംഭവിക്കാമെന്നുള്ള ഭയത്തില്‍ കാഴ്ചക്കാര്‍. ദൈവം ഉറഞ്ഞ ഉടനെ ചാടിവീണതു വാദ്യക്കാരുടെയും കര്‍മിമാരുടേയും ദേഹത്തേയ്ക്ക്. . . രൌദ്രഭാവം പൂണ്ട ദേവി കാഴ്ചക്കാരില്‍ ഒളിഞ്ഞിരിക്കുന്ന സ്ത്രീജനങ്ങളെ തിരഞ്ഞു . . സ്ത്രീകളോട് ദേവിയുടെ കണ്‍വെട്ടത്ത് നിന്ന് മാറിനില്‍ക്കാന്‍ സഹായികള്‍ അഭ്യര്‍ത്ഥിച്ചു കൊണ്ടിരുന്നു . . . ഓരോ നിമിഷവും ഞാന്‍ ശ്വാസമടക്കിപ്പിടിച്ചിരിക്കുകയായിരുന്നു . . . ദേവിയുടെ കൊട്ടും കലാശവും അത്രയേറെ വൈവിധ്യമുള്ളതാണ്. ചണ്ടമുണ്ടന്മാരെ നിഗ്രഹിച്ച കാളമേഘക്കരി പൂണ്ട കാളിയാണെങ്കിലും യക്ഷീസങ്കല്‍പ്പവും ഉണ്ട്. . .
തെയ്യം കെട്ടില്‍ പത്തില്ലക്കാരുടെ അര്‍പ്പണബോധവും പൂര്‍ണതയും എടുത്തു പറയേണ്ടതാണ്. കോലക്കാരിലായാലും വാദ്യത്തിലായാലും അത് പ്രകടമാണ്. ഒന്നിലും വിട്ടുവീഴ്ചയില്ല. കരിംചാമുണ്ടിയെന്നാല്‍ കരിംചാമുണ്ടി തന്നെ ആവുകയാണ് പുത്തൂരാന്‍. സോമേശ്വരിയുടെ പുറം കാവല്‍ക്കാരി .. നീരിയോട്ട് സ്വരൂപത്തിന്റെ ധര്‍മദൈവം .. പായത്ത് ഒമ്പതാളിലെ ഉഗ്രരൂപം .. ശ്രീ പായത്ത് കരിംചാമുണ്ടിയമ്മ ...
No comments:
Post a Comment