Sunday, 30 October 2016

ചാത്തമ്പള്ളി കാവ്


ചാത്തമ്പള്ളി കാവ് ഇന്നും അതിന്റെ പഴമയിലും തനിമയിലും ആണ്. എണ്‍പതുകളെ ഓര്‍മിപ്പിക്കുന്ന നാട്ടിന്‍പുറം. കണ്ടന് കുടികൊള്ളാന്‍ കല്ലുകള്‍ പാകിയ പള്ളിയറ. വലിയ ബഹളങ്ങള്‍ ഒന്നുമില്ലാത്ത കളിയാട്ട കാഴ്ചകള്‍. മനുഷ്യനില്‍ നിന്ന് ദൈവത്തിലേക്ക് കാലം വരവിളിച്ചു. ദൈവമുണര്‍ന്നു. കൊളച്ചേരിയിലെ പാടങ്ങള്‍ക്കിടയിലൂടെ മനുഷ്യനായ് നടന്ന പാദവരികളിലൂടെ കണ്ടന്‍ വീണ്ടും നടന്നു. കരുമാരത്ത് തന്ത്രി മരിച്ചെന്നു വിധിയെഴുതിയ സ്ത്രീയെ കൊലക്കരുത്ത് ചൊല്ലി ജീവിപ്പിച്ച കണ്ടന്‍. അസൂയ പൂണ്ട തന്ത്രിയാല്‍ അരുംകൊല ചെയ്യപ്പെട്ടു ദൈവക്കരുവായ കണ്ടന്‍ . . .
തുലാം ഒന്പതിനു സന്ധ്യ പുല്കിയതോടെ കൊലസ്വരൂപത്തിങ്കല്‍ തായിയുടെ ഇളംകോലം അരങ്ങിലെത്തി. പലവട്ടം ചട്ട മറിച്ച് ഒരു കയ്യില്‍ വാളും പരിചയുമായി ബാല്ല്യരൂപേണ ദേവി വീരഭാവത്തില്‍ നിന്നു. തുടര്‍ന്ന് വിഷകണ്ടന്റെ വെള്ളാട്ടം. ദൈവത്തിന്റെ യൌവനം അതേപടി അരങ്ങില്‍. അതിസുന്ദര രൂപം. പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതിയുണ്ടായി. ഒരു കയ്യില്‍ ചൂരലും മറുകയ്യില്‍ വാളുമായി ഉറച്ച ചുവടുകളോടെ പെരുവണ്ണാന്‍ താളത്തില്‍ കലാശം തുടങ്ങി. ചുറ്റും തിങ്ങിനിറഞ്ഞ ജനങ്ങളെയും ജീവനുറ്റി നില്‍ക്കുന്ന മരച്ച്ചില്ലകളെയും കണ്ടപ്പോ കൊളച്ചേരി എന്തിനെയാണോ കാത്തിരുന്നത് അതെത്തി എന്ന് തോന്നി. പുലര്‍ച്ചെ മൂന്നു മണിക്ക് തണുപ്പും ദൂരവും വകവെയ്ക്കാതെ വീണ്ടും പോയതും ആ ഒരു നിമിഷത്തില്‍ കിട്ടിയ ഊര്‍ജ്ജം കൊണ്ടായിരുന്നു. അഞ്ചു മണിക്ക് അണിയറത്തോറ്റത്തിനോടുവില്‍ ദൈവത്തിന്റെ പുറപ്പാട്. കരുമാരത്ത് തന്ത്രിയാല്‍ അരുംകൊല ചെയ്യപ്പെട്ടു ദൈവക്കരുവായ കണ്ടന്‍. വിഷവൈദ്യ നിപുണന്‍. മാറില്‍ വരച്ച നാഗങ്ങളെ കണ്ടപ്പോള്‍ സന്തോഷേട്ടനോടു ബഹുമാനം തോന്നിപ്പോയി. അതിമനോഹരം. അണിയറയില്‍ നിന്ന് പുറത്തേക്ക് വന്നത് ഒരു ഗന്ധര്‍വരൂപം. ദൈവക്കരു. അടിച്ചമര്‍ത്തപ്പെട്ടവന്റെ വിജയം. കത്തിച്ചു വച്ച വിളക്കില്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പിലെ തീയാളുന്ന പോലെ തോന്നി. വിളക്കിനും കളിയാംവള്ളിക്കും ചുറ്റും ദൈവത്തിന്റെ വടക്കേന്‍ ഭാഗം കലാശം. തുടര്‍ന്ന് തന്റെ ഇന്നത്തെ സന്തതിപരമ്പരയെ കലാശത്തോടെ ആശ്ലേഷിച്ചു. ശേഷം ദൈവത്തിനെ പീഠത്തില്‍ കയറ്റി വരവിളിക്കല്‍. ആചാരപ്പെട്ടവര്‍ ദൈവത്തെ സ്തുതിച്ചു പാടി വരവിളിച്ചു. പീഠത്തില്‍ നിന്നിറങ്ങിയ ശേഷം മുന്പുസ്ഥാനം ചൊല്ലി. ജലക്കരുത്തും കൊലക്കരുത്തും ഇന്ദ്രജാലവും മഹേന്ദ്രജാലവും പഠിച്ച കഥ പറഞ്ഞു. കഥ മുഴുവന്‍ പറയുന്നതിനിടെ വിഷം തീണ്ടിയ സ്ത്രീയെ കൊലക്കരുത്ത് ചൊല്ലി ജീവിപ്പിച്ച കുളത്തിന്റെ ഇന്നത്തെ ജീര്‍ണാവസ്ഥയെക്കുറിച്ച് ദൈവം പരിതപിച്ചു. കാണാന്‍ എത്തിയ പൈതങ്ങള്‍ക്ക് ദൈവം മഞ്ഞള്‍ക്കുറി കൊടുക്കാന്‍ തുടങ്ങി. ചുറ്റുമതിലില്‍ ഇരുന്നുകൊണ്ട് കല്ലുപാകിയ ആ പള്ളിയറ നോക്കി. കണ്ടന് കൊളച്ചേരിക്കാര്‍ വച്ചു കൊടുത്ത വീട്.ചെമ്പടിച്ച ശ്രീകോവിലുകളേക്കാള്‍ ഭംഗിയുണ്ടതിന് ... ദൈവക്കരു കുടി കൊള്ളുന്ന കാവ്. കാലത്തിന്റെ നീതിനിര്‍വഹണം. വയലുകളും കുന്നിന്‍പുറങ്ങളും കുളങ്ങളും കവുങ്ങിന്‍ തോപ്പുകളും നിറഞ്ഞ ഒരു നാട്ടില്‍ കാലമെഴുതിയ ഇതിഹാസം . . .


No comments:

Post a Comment