Monday, 22 February 2016

ശേഷം

കരിനീല നയനങ്ങൾക്കുള്ളിലായെന്നുടെ
മിഴിവെട്ടമുണ്ടാകുമെന്നും
പനിനീർ ചുവപ്പെഴും ചുണ്ടിണയ്ക്കുള്ളിലെൻ
നിശ്വാസമുണ്ടാകുമെന്നും  
കറുകൂന്തൽ ചുറ്റിലെ തുളസിത്തലപ്പിലെൻ
കരസ്പർശമുണ്ടാകുമെന്നും
കുളുർനെറ്റിയിൽ ചേർന്ന കളഭാമൃതത്തിലെൻ
വിരൽത്തുമ്പിളവേൾക്കുമെന്നും

ഇനിയില്ല ഞാനെന്നു പലരും മൊഴിയവെൻ
കരതലം നിന്നെ തലോടും
തനിയെയെന്നോർത്ത് നിൻ മിഴികളിൽ ജലകണം
പൊടിയുമ്പോൾ ഞാനോടിയെത്തും
അരികിലായ് ഞാൻ വന്നു നിൽക്കവേ എന്നെ
നീയറിയാതെ വീണ്ടും വിതുമ്പും
മിഴിനീരു പോലും തുടയ്ക്കുവാനാകാതെ
വെറുതേയടുത്തു ഞാൻ നിൽക്കും

ഋതു മാറി വിരിയുന്ന തൊടിയിലെ മലരുകൾ
കൊഴിയവേ ഞാനും വിരിയും
പൂവാങ്കുരുന്നിലയോരത്തിരുന്നു ഞാൻ
ഹരിതാഭമായി വിളങ്ങും
തോപ്പിലെ തൈമാവിൻ ചോട്ടിലായ് നിന്നെ ഞാൻ
കുഞ്ഞിളംകാറ്റായ് തഴുകും
മുറ്റത്തിറങ്ങവെ നിൻ കുളുർനെറ്റിയിൽ
ചെറുമഴത്തുള്ളിയായണയും

പടിവാതിൽ ചാരിയ പകലുകൾ രാവുകൾ
പലതങ്ങ് മാറി നിറയും
പല മഴക്കാലങ്ങൾ നിറവെയിൽ നേരങ്ങൾ
ഉപവസന്തങ്ങൾ മറയും
മറവിയിൽ ഞാൻ മെല്ലെ നിലതെറ്റി വീഴവെ
കനവിലായ് നിന്നെപ്പുണരും
അറിയില്ല നീയെന്നെ അരികിലിരിക്കിലും
അകലത്തു നോക്കി വിതുമ്പും 

No comments:

Post a Comment